2013 മാർച്ച് 23, ശനിയാഴ്‌ച

ഉമ്മുമ്മ


കഥകള്‍ വായിക്കാനും കേള്‍ക്കാനും എന്നും വല്ലാത്ത ഇഷ്ടമാണെനിക്ക്. കേട്ട കഥകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഉപ്പയുടെ ഉമ്മ പറയുന്ന കഥകള്‍ തന്നെയാണ് . ഉമ്മാമമാരുടെ അല്ലെങ്കില്‍ അമ്മൂമാമാരുടെ കഥകള്‍ കേള്‍ക്കാതെ ഒരു ബാല്യവും കടന്നു പോയിട്ടുണ്ടാവില്ല. മനസ്സിലെ നന്മയെ തൊട്ടുണര്‍ത്തുന്ന ഏതോ ഒരു ശക്തി ആ കഥകളില്‍ ഒളിച്ച്ചിരിക്കുന്നുണ്ടാകും .

ഉമ്മാമയുടെ കഥ കേള്‍ക്കാന്‍ ഒരു വല്ലാത്ത ഇഷ്ടം എന്നില്‍ തോന്നിയതിനു പിന്നില്‍ കഥയിലെ നായകന്‍ പലപ്പോഴും എന്റെ ഉപ്പ ആയതിനാലാകാം .പട്ടിണിയുടെ വറുതിയുടെ കാലത്ത്‌ കുടുംബ ഭാരം പേറേണ്ടി വന്ന എട്ടാം ക്ലാസ്സുകാരനെ ഇന്നും മനസ്സില്‍ നായകനായി കൊണ്ട് നടക്കുന്നത് ഉമ്മുമയുടെ ആ കഥ പറച്ചിലില്‍ നിന്നും അനുഭവിച്ച യാതാര്‍ത്യങ്ങളുടെ ചൂരും ചൂടും കൊണ്ട് തന്നെയായിരിക്കും.

ഉപ്പയുടെ അനുജന്മാരോ മറ്റു ബന്ധുക്കളോ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ കൊണ്ട് വന്നു ഉമ്മുമാക്ക് നല്‍കുന്ന മിഠായികള്‍ മാറ്റി വെച്ച് പിന്നീട് ഞങ്ങള്‍ ഉപ്പയുടെ വീട്ടില്‍ പോകുമ്പോള്‍ തരുന്നതിനിടയില്‍ പറയുന്ന ഒരു വാക്കുണ്ട് , മറ്റു മക്കളുടെ മക്കള്‍ക്കൊക്കെ നേരത്തെ കൊടുത്തെന്നും , മോന്‍ മിഠായി തിന്നു കടലാസ ആരും കാണാതെ ദൂരെ കളയണമെന്നും. ആ കരുതി വെക്കലുകള്‍ ഇന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം.

ഉപ്പയുടെ വീടിനടുത്തുള്ള തോടുകളില്‍ മതി മറന്നു കളിച്ചു നടക്കുമ്പോഴും പുഴയില്‍ സമ പ്രായക്കാരായ കൂട്ടുകാരോടൊത്ത് നീന്തിത്തിമിര്‍ക്കുമ്പോഴും തോട്ടിന്‍ കരയിലും പുഴക്കടവിലും കാവലായി എന്നും ഉമ്മാമയുണ്ടാവും.

ഒരു റമദാന്‍ ഇരുപത്തിയഞ്ചിന്റെ അന്ന് കുറേ കഥകള്‍ ബാക്കിയാക്കി ഇനി തോട്ടിന്‍ കരയിലും പുഴക്കടവിലും കാവലിരിക്കാന്‍ ഞാനില്ല എന്ന് പറഞ്ഞു കൊണ്ട് ഉമ്മുമ്മ ഈ ലോകത്തോട് വിട പറഞ്ഞു.ആകാശത്തെ കോടാനുകോടി നക്ഷത്രങ്ങളില്‍ ഒരു നക്ഷത്രം എന്നെ നോക്കി ചിരിക്കുന്നത് കാണുമ്പോള്‍ അതെന്റെ ഉമ്മാമ എന്നോട് പറയാന്‍ ബാക്കി വെച്ച കഥകള്‍ പറയാന്‍ തുടങ്ങുകയാണോ എന്ന് തോന്നിപ്പോകുന്നു . നക്ഷത്രങ്ങളുടെ ഭാഷ , നക്ഷത്രങ്ങള്‍ കഥ പറയുമോ അതൊന്നും എനിക്കറിയില്ല. പക്ഷേ എന്റെ ഉമ്മാമ നല്ല കഥകള്‍ പറയുമായിരുന്നു.

2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

സ്കൂള്‍ കാലം


ഇന്ന് കണ്ട ഒരു ഫോട്ടോ , രണ്ടു കൊല്ലം മുന്‍പ്‌ എടുത്ത ഒരു ഫോട്ടോ , സുഹൃത്തിന്റെ പ്രൊഫൈലില്‍ കണ്ട മറ്റൊരു ഫോട്ടോ ഈ മൂന്നു ഫോട്ടോകളും വീണ്ടും വീണ്ടും ആ പഴയ വിദ്യാലയത്തിന്റെ മധുരിക്കുന്ന ഓര്മ്മകളിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കുമ്പോള്‍ എങ്ങിനെ വെറുതെ ഇരിക്കും. എന്നാ ന്നെ ഇന്നത്തെ നൊസ്സ് ഇത് തന്നെയാകട്ടെ. നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ ഇരുപത്തി നാല് മണിക്കൂറും ഇതിന്റെ മുന്നില്‍ കുത്തിയിരുന്നു ലൈക്കും കമന്റും വാങ്ങിയാല്‍ എന്ത് കിട്ടും എന്ന് ചോദിക്കുന്നവരോടൊരു കാര്യം മാത്രം മനസ്സിനു കിട്ടുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ മനസ്സില്ല അല്ല പിന്നെ.

അപ്പോ പറഞ്ഞു നിര്‍ത്തിയാതെവിടെയാ ആ ഫോട്ടോകള്‍ അത് നമ്മുടെ രാമന്തളി വടക്കുമ്പാട്‌ ജി എം യു പി സ്കൂളും അതിന്റെ പരിസരവുമാ. ആയിരങ്ങള്‍ക്ക് അക്ഷര പ്രഭ ചൊരിഞ്ഞ നമ്മുടെ സ്വന്തം മാപ്പിള സ്കൂള്‍.... .,. ആയിരത്തി തൊള്ളായിരത്തി പത്തൊമ്പതില്‍ സ്ഥാപിതമായ ഈ അക്ഷര കളരി ഇന്ഗ്ലീഷ്‌ മീഡിയത്തിന്റെ അതി പ്രസരത്തിന്റെ ഇന്നത്തെ കാലത്തും നാമ മാത്രമായ വിദ്യാര്‍ഥികളുമായി ഒരു വിധം ഉന്തി തള്ളി പോകുന്നു എന്ന് മാത്രം പറഞ്ഞാല്‍ മതി. എഴുന്നൂറില്‍ പരം കുട്ടികള്‍ ഉണ്ടായിരുന്ന ഒരു സ്കൂളിന്റെ ഇന്നത്തെ കണക്കെടുത്ത് നോക്കിയാല്‍ നൂറില്‍ താഴെ മാത്രം. കൂണുകള്‍ പോലെ മുളച്ചു പൊന്തിയ ഇന്ഗ്ലീഷ് മീഡിയം സ്കൂളുകളുടെ സുനാമിത്തിരയില്‍ ഊര്‍ദ്ധ ശ്വാസം വലിക്കുന്ന കേരളത്തിലെ ഗവര്‍മെണ്ട് സ്കൂളുകളുടെ പട്ടികയില്‍ നമ്മുടെ സ്കൂളും.



സ്കൂള്‍ ഗ്രൌണ്ടിലെ കിണറും സമീപത്തെ അബൂബക്കര്കായുടെ കടയും പിന്നെ മടക്കാലെ വീടും മാപ്പിള സ്കൂള്‍ ജീവിതത്തിലെ മറക്കാത്ത ഏടുകള്‍ തന്നെയാണ് . കാട് പിടിച്ചു കിടക്കുന്ന സമയത്താണ് കിണറിന്റെ ഫോട്ടോ എടുത്ത്തതെങ്കിലും ഒരു പാട് പ്രാവശ്യം ആ കിണറ്റിലെ വെള്ളം കൊണ്ട് ദാഹം ശമിപ്പിച്ച കിണറിനുമുണ്ടാകും ആയിരക്കണക്കിന് കലപില കൂട്ടിയ കുട്ടിപ്പട്ടാള ക്കാരുടെ കഥ പറയാന്‍. ...... കല പില കൂട്ടി നടന്ന ആ കുട്ടിക്കാലം ഇനി തിരിച്ചു വരില്ല എന്നറിയാമെങ്കിലും വെറുതെ വെറും വെറുതെ ആശിക്കുന്നു തിരിച്ചു വന്നെങ്കിലെന്ന് .

അബൂബക്കര്കായുടെ കട അവിടത്തെ അഞ്ചു പൈസക്കും പത്തു പൈസക്കും കിട്ടിയിരുന്ന മോരും വെള്ളവും ഭരണികളില്‍ കടലാസ് കൊണ്ടും പ്ലാസ്റ്റിക്ക് കവര്‍ കൊണ്ടും പൊതിഞ്ഞതും പൊതിയാത്തതുമായ മിട്ടായികളുടെയും തൂങ്ങിക്കിടക്കുന്ന അണ്ണാച്ചി അച്ച്ചാരുകളുടെയും രുചി നുണയാത്ത ഒരു ബാല്യവും മാപ്പിള സ്കൂളിലൂടെ കടന്നു പോയിട്ടുണ്ടാവില്ല. ഓര്‍ക്കുമ്പോള്‍ പുളിയച്ച്ചാരിന്റെ മധുരം കലര്‍ന്ന പുളി വായില്‍ ടൈറ്റാനിക്ക് ഓടിക്കുവാന്‍ പാകത്തിലാകുന്നത് ഇന്നും ഞാനറിയുന്നു .

മാപ്പിള സ്കൂളിന്റെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഭാഗമാണ് മേലത്തെ ക്ലാസ് എന്ന് വിളിച്ചു പോരുന്ന മടക്കാലെ വീടിനടുത്ത ക്ലാസ്സുകള്‍. ...ഈ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ അധികവും സ്കൂള്‍ ഇന്റെര്‍വല്‍ സമയത്ത് മടക്കാലെ വീടിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ഇടവേളകളിലെ സമയത്ത് ആ വീട്ടുകാര്‍ കുട്ടികള്‍ക്കായി പാത്രങ്ങളില്‍ വെള്ളം നിറച്ചു വെച്ച ചിത്രം ഇന്ന് സ്വയം പര്യാപ്തതയുടെ വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ തൂക്കി നടക്കുന്ന പുതു തലമുറക്ക് പുച്ചം തോന്നിച്ചേക്കാമെങ്കിലും അതെല്ലാം ഓര്‍മ്മകളുടെ മധുര സ്മരണകളായി എന്നും നില നില്‍ക്കുക തന്നെ ചെയ്യും ഓര്‍മ്മകള്‍ മരിക്കുന്നത് വരെ.

2013 ഫെബ്രുവരി 20, ബുധനാഴ്‌ച

കാത്തിരിപ്പ്‌


ചില കാത്തിരിപ്പുകള്‍ നല്‍കുന്ന സുഖമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാവില്ല . സമയം അടുക്കുന്തോറും ഒരു തരം വെപ്രാളവും ബേജാറും മനസ്സില്‍ അലയടിക്കാന്‍ തുടങ്ങും. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികവുമായിരിക്കും. ആഴ്ച്ചയിലെ അവധി ദിവസം അത് വെള്ളിയാഴ്ച്ച കിട്ടുക എന്നാല്‍ ഞങ്ങളെ പോലെ ഉള്ളവര്‍ക്ക്‌ ഇരട്ടി സന്തോഷവുമായിരിക്കും. വ്യാഴായ്ച്ച ഉച്ച കഴിഞ്ഞാല്‍ പിന്നെ എങ്ങിനെയെങ്കിലും ഒന്ന് നാലരയായി കിട്ടിയാല്‍ മതിയെന്നാകും.

അത് വരെ ചെയ്ത പണമിടപാടുകളില്‍ ഏടാകൂടങ്ങള്‍ ഒന്നും പറ്റിയില്ലെങ്കില്‍ രക്ഷപ്പെട്ടു ഇല്ലെങ്കില്‍ അത് വരെ കണ്ട സ്വപ്നങ്ങളൊക്കെ തകിടം മറിയും. റിപ്പോര്‍ട്ടും മറ്റു കാര്യങ്ങളൊക്കെ സുപ്പര്‍വൈസര്‍ തയ്യാറാക്കുന്നതിനിടയില്‍ കഴുത്തിലെ കുരുക്ക് മാറ്റി യൂനിഫോം സന്തത സഹചാരിയായ ബാഗിലൊരു വിധം കുത്തി തിരുകുമ്പോള്‍ കഴിഞാഴ്ചയിലെ പോലെ അവള്‍ ഇന്നും വൈകല്ലേ എന്ന് മാത്രമായിരുന്നു എന്നത്തേയും പോലെ പ്രാര്‍ത്ഥന .

തടി കൂടുതലായത് കൊണ്ട് ഉരുണ്ട് പിരുണ്ട് പതിവ്‌ കാത്തിരിപ്പ് കേന്ദ്രത്തിലെതുന്നതിനു മുന്‍പ്‌ കണ്ട ബംഗാളി മുഖത്തെ വെപ്രാളം കണ്ടിട്ടാണെന്ന് തോന്നുന്നു അഞ്ചു മിനിറ്റ് കൂടി ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവന്റെ മുഖത്തെ ഭാവം പുച്ചമാണോ അതോ തന്റെയൊക്കെ ഈ വെപ്രാളം നമുക്കൊക്കെ മനസ്സിലാകുമെന്നോ ആയിരുന്നോ. അവന്റെ മുഖത്തോട്ട് നോക്കാന്‍ തോന്നിയ സമയത്തെ ശപിച്ചു കൊണ്ട് മുന്നോട്ടു നീങ്ങുമ്പോള്‍ അതാ അടുത്ത കുരിശ്.

എങ്ങോട്ടാ ഈ തീ പിടിച്ച പോലെ ഓടുന്നേ എന്ന ചോദ്യം
താടിക്ക് തീ പിടിപ്പിക്കാനാ എന്ന് പറയണമെന്നുണ്ടായിരുന്നു അടുത്ത മാസത്തെ ടാര്‍ജറ്റ്,എന്‍ ആര്‍ ഐ അക്കൌന്റ്റ്‌ , പിന്നെ സ്വപ്നം കണ്ടു നടക്കുന്ന ഇന്ക്രിമെന്റ്റ്‌ ഇതൊക്കെ ഓര്‍ത്തപ്പോള്‍ അതപ്പാടെ വിഴുങ്ങി പഴയ ഒരു സിനിമയിലെ സോമന്റെ ഡയലോഗ് കടമെടുത്തു പറഞ്ഞു ദാ ഇവിടെ വരെ .

കാത്തിരിപ്പ് കേന്ദ്രത്തില്‍ പല വ്യാഴായ്ച്ചകളിലും കാണുന്ന പതിവ് മുഖങ്ങള്‍ , ആരും ആര്‍ക്കും മുഖം കൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നില്‍ക്കുന്നു . ഇവന്മാരൊക്കെ ഇതെന്തു ഭാവിച്ചാ, കഴിഞ്ഞാഴ്ച്ച കണ്ട പോലെയല്ലല്ലോ ആകെ സ്റ്റൈലൊക്കെ മാറ്റിയാണല്ലോ വന്നിരിക്കുന്നത്. അപ്പോള്‍ രണ്ടും കല്‍പ്പിച്ചു തന്നെയാണ് വരവ് അല്ലേ. എന്ന് മനസ്സിലായപ്പോള്‍ തലേന്നാള്‍ ചെത്തി മിനുക്കിയ താടിയും മുടിയും അടുത്ത് കണ്ട ഹോട്ടലിന്റെ പുറത്തെ ഗ്ലാസ്സില്‍ നോക്കി ഒന്ന് കൂടി ശരിയായോ എന്നുറപ്പ് വരുത്തി . പിന്നെ വീര്‍ത്തു വന്ന വയര്‍ ശ്വാസം മേലോട്ട് വലിച്ച് കുറക്കാനൊരു പാഴ്ശ്രമവും.ഒരു മണിക്കൂര് മുന്‍പ്‌ കവരോളില്‍ മുന്നില്‍ വന്നു നിന്ന പയ്യന്‍ ഒരു കിലോ ജെല്ലും തേച്ചു പിടിപ്പിച്ചു കാതില്‍ അവന്റെ തലയെക്കാള്‍ വലുപ്പമുള്ള ഹെഡ്‌ സെറ്റും വെച്ചു മുന്നില്‍ നില്‍ക്കുന്നു .

റോഡിന്‍റെ അങ്ങേ അറ്റത്തുള്ള വളവില്‍ വെച്ചവളുടെ ചുവന്ന ഉടയാടയുടെ നേരിയ മിന്നലാട്ടം പല കോണിലും നിന്നവന്മാരുടെയൊക്കെ മുഖത്ത് കണ്ട വെട്ടം പടച്ചോനാണെ പെരുന്നാളിന്റെ തലേന്ന് പോത്തിറച്ചിക്കടയില്‍ നിന്നും തിക്കിത്തിരക്കി അരക്കിലോ കരള്‍ വാങ്ങി ഇറങ്ങുമ്പോള്‍ മാത്രമേ ഇതിനു മുന്‍പ്‌ ഞാന്‍ കണ്ടിട്ടുള്ളൂ..

പരെ പൈവ്‌ മിനുട്ട് എന്ന് പറഞ്ഞു വാതില്‍ തുറന്നു തന്നു ഡ്രൈവര്‍ ഇറങ്ങിയപ്പോള്‍ പ്രാര്‍ത്ഥന പടച്ചോനെ നോല്‍ കാര്‍ഡില്‍ പൈസയും ഇരിക്കാനൊരു സീറ്റും ഉണ്ടാകണേ

2013 ഫെബ്രുവരി 17, ഞായറാഴ്‌ച

വിധി


ആരാലും തടുക്കാന്‍ വയ്യാത്ത വിധിയുടെ കയ്യിലെ കളിപ്പാട്ടങ്ങളാണ് ഓരോ ജീവിതവും. സ്വപ്നം കാണുന്നതൊന്നു സംഭവിക്കുന്നത് മറ്റൊന്നും. ഏതു സമയവും നമ്മില്‍ നിന്ന് തട്ടിയെടുക്കപ്പെടാവുന്ന ഒന്നാണ് നമ്മുടെ ജീവന്‍ എന്ന തിരിച്ചറിവ്‌ ഓരോരോ മരണ വാര്‍ത്തകള്‍ തന്നെയാണ് നമുക്ക്‌ നല്‍കുന്നതും.

കൊതിച്ചു കിട്ടിയ വെളിയാഴ്ച്ച അവധി . അവധിയുടെ ആലസ്യത്തിനിടയില്‍ നിനച്ചിരിക്കാത്ത സമയത്ത് കേള്‍ക്കേണ്ടി വന്ന സുഹൃത്തിന്റെ ഉമ്മയുടെ മരണ വിവരം കുറച്ചൊന്നുമല്ല മനസ്സിനെ നൊമ്പരപ്പെടുത്തിയത്. അടുത്ത മാസം ഉമ്രക്ക് പോകാന്‍ തയ്യാറെടുത്തിരുന്ന ഉമ്മ . ആ ഉമ്മയ്ക്ക് യാത്രാ സംബന്ധമായി വേണ്ടുന്ന സാധനങ്ങളൊക്കെ രാവിലെ പോയി വാങ്ങി വെച്ച് ഉമ്മയെ കാണാനും യാത്ര അയക്കാനും വേണ്ടി അവധി എടുത്ത് ദിവസങ്ങള്‍ എണ്ണി തീര്‍ത്ത് കൊണ്ടിരിക്കുന്ന സുഹൃത്ത്‌ , വൈകുന്നേരം ഉമ്മയുടെ വിയോഗ വാര്‍ത്ത എങ്ങിനെ ഉള്‍ക്കൊള്ലാനാവും. ജഗന്നിയന്താദാവിന്റെ വിധി വിലക്കുകള്‍ നമ്മള്‍ ഉള്‍ക്കൊണ്ടല്ലേ മതിയാവൂ. ആ തീയ്യതി ആര്‍ക്കും തീരുമാനിക്കാന്‍ പറ്റില്ലല്ലോ.


കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനെ കണ്ടപ്പോള്‍ മനസ്സിന്റെ നിയന്ത്രണം വിട്ടുപോകാതെ അവനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ പരതുകയായിരുന്നോ അതോ ഒരാശ്വാസ വാക്കും ആ മനസ്സിനെ തണുപ്പിക്കില്ല എന്നാ തിരിച്ചറിവോ എനിക്കറിയില്ല. കമ്പനിയില്‍ നിന്ന് പാസ്പോര്‍ട്ടും കൈപറ്റി അബു ദാബിയില്‍ നിന്നും വരുന്ന അവന്റെ ഉടപ്പിരപ്പുകളെ കാത്തു ദുബായി എയര്‍പ്പോര്‍ട്ടിനടുത്ത്‌ കാത്തിരുന്ന സമയം അവന്റെ ഉള്ളില്‍ ഉമ്മയുടെ ഓര്‍മ്മക തികട്ടുന്നതും കണ്ണീര്‍ ചാലുകളായി പുറത്ത് വരുന്നതും കണ്ടു നില്‍ക്കാനല്ലാതെ മറ്റൊന്നുംആ നേരം ചെയ്യാന്‍ സാധിക്കില്ലായിരുന്നു. കൂടപ്പിറപ്പുകള്‍ പരസ്പരം കണ്ടു മുട്ടി കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ ആ നേരം പടച്ചവന്റെ മുന്നിലല്ലാതെ പടപ്പുകള്‍ക്ക് മുന്നില്‍ ഒരിക്കലും കണ്ണുനീര്‍ വീഴ്ത്തുകയില്ല എന്ന ശപഥം പാലിക്കുവാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ സലാം ചൊല്ലി യാത്ര പിരിയും നേരം വിയോഗങ്ങും വേര്‍പ്പാടുകളും തീര്‍ക്കുന്ന വൈഷമ്യങ്ങളുടെ നേരത്തു പറയാനുള്ള വാക്കുകള്‍ പരതുകയായിരുന്നോ ഞാന്‍ .നിനച്ച്ചിരികാത്ത നേരത്തെത്തുന്ന കൊതിക്കാത്ത അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുക ..
.

കുമ്പസാരം

ഉറക്കം പാതി മരണമാണോ ? എന്നു കരുതി സമാധാനിക്കാന്‍ ആണെനിക്കിഷ്ടം. പക്ഷേ മരിച്ചു കഴിഞ്ഞാല്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുമെന്ന് കേട്ടിടുണ്ട്. ശരിയാണോ എന്നറിയാന്‍ ഒരു വഴിയുമില്ല. ഉറക്കത്തിനിടയില്‍ ചിലതു കേള്‍ക്കാന്‍ കഴിയാത്തത് കുറച്ചു സമാധാനക്കേട് എനിക്കും സമ്മാനിച്ചു. കേള്‍ക്കേണ്ടത് കേള്‍ക്കാന്‍ നമുക്ക് ആവുന്നില്ലല്ലോ എന്നോര്‍കുമ്പോള്‍ നാം എത്ര നിസ്സാരര്‍.. ..


ഡ്യൂട്ടി കഴിഞ്ഞു വന്നു ഭക്ഷണമുണ്ടാക്കുന്ന സമയത്തെ ചാറ്റിങ്ങിനിടയിലെപ്പോയോ സുഹൃത്ത് തലേന്നാള്‍ നട്ടപ്പാതിരാ നേരത്ത് ഫ്ലാറ്റിന്റെ മെയിന്‍ ഡോര്‍ തുറന്നു ഏതോ ഒരു രൂപം ഓടിപ്പോകുന്നതു കണ്ടെന്നു പറഞ്ഞത് കമന്റുകളുടെ പൂരത്തിന് തിരി കൊളുത്തി. പുലര്‍ച്ചെ മൂണ് മണിക്കും നാല് മണിക്കും ഉണര്‍ന്നിരിക്കുന്ന ഞാന്‍ ഇണയെ വിളിക്കുന്ന പേരറിയാത്ത ഒരു പക്ഷിയുടെ നീട്ടി വിളിയും അതിനുള്ള തിരിച്ചു വിളിയും കേള്‍ക്കാറുള്ളതും അതിനിടയില്‍ ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങി വരുന്ന കറുത്ത കണ്ടന്‍ പൂച്ചയെ കാണാറുള്ളതും, ഇരുട്ടില്‍ ആ പൂച്ചയുടെ കണ്ണിലെ തിളക്കം എന്നെ കുറെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടി ഞാന്‍ ഇന്ന് വരെ വേറൊന്നും കണ്ടിട്ടില്ല എന്നും പറഞ്ഞു


സുഹൃത്ത് കണ്ടത് കള്ളനെന്നു നിജാസ്, മരുഭൂമിയിലെ കോണ്ക്രീറ്റ് കാടുകളില്‍ ഇന്നും ശൈത്താനും ജിന്നുമുണ്ടെന്ന് ഹമീദിക്ക, ഹമീദിക്ക ഉള്ളിടത്ത് വേറെ ഒരു ശൈത്താനും ജീന്നിനും ചാന്‍സേ ഇല്ല എന്നു നജീബ്, രാത്രിയിലെ അന്ത്യ യാമങ്ങളില്‍ നീര് ഊറ്റിക്കുടിക്കുവാന്‍ ചുറ്റിക്കറങ്ങുന്ന ഫിലിപ്പിനോ പുളുന്താന്‍ ആയിരിക്കാമെന്ന് നവാസും. അവിടന്നങ്ങോട്ട് ഭൂത പ്രേത പിശാചുക്കളുടെ പൊടിപ്പും തൊങ്ങലും വെച്ച പഴം പുരാണങ്ങളുടെ ഭാണ്ഡകെട്ടഴിച്ചുള്ള ലിങ്കേറായിരുന്നു.


ആവി പറക്കുന്ന നെയ്ച്ചോറുംബീഫും വെട്ടി വിഴുങ്ങുന്നതിനിടയില്‍ എന്റെ ഉറക്കത്തെ കുറിച്ചുള്ള ഗോകുലിന്റെ കമന്‍റ് എന്നില്‍ വല്ലാത്ത സങ്കടം തീര്‍ത്തു . സംഭവം ഇങ്ങിനെ പുലരും വരെ ഫേസ് ബുക്കിലെ ഗ്രൂപ്പായ ഗ്രൂപ്പിലും വാളിലും ചുറ്റിക്കറങ്ങി ഉറങ്ങിയ ഞാന്‍ മുറിയുടെ തൊട്ടടുത്തുള്ള ബാത്ത് റൂമില്‍ ന്നിന്നുയര്‍ന്ന ബംഗാളി ഏലക്ട്രീഷന്‍റെ ദീന രോദനം കേട്ടില്ല . അതോ സുന്ദര സ്വപ്നത്തിലെ ഗാനത്തിലെ കോറസ്സായിട്ടാണൊ അതെനിക്ക് തോന്നിയത് എന്നറിയില്ല ഇന്നും.


അവര്‍ വന്നത് കേടായ ഹീറ്റര്‍ മാറ്റാനായിരുന്നു. പണിക്കിടയിലെപ്പോഴോ ആണിയോ സ്ക്രൂവോ എന്തോ എടുക്കാന്‍ അവരിലൊരാള്‍ പുറത്തേക്ക്‌ പോയി. ഏണിക്കു മുകളില്‍ ഭാരമുള്ള ഹീറ്ററും താങ്ങിപ്പിടിച്ചിരിക്കുന്ന സുഹൃത്തിനെ കുറച്ചു നേരത്തേക്ക് മറന്നു പോയി. കൈ വേദന പാരമ്യതയിലെത്തിയപ്പോള്‍ ആ പാവം ഇവിടെ ആരുമില്ലേ എന്നെ സഹായിക്കാന്‍ എന്നു അലറി വിളിച്ചത് തൊട്ടടുത്ത റൂമില്‍ കിടന്നുറങ്ങുകയായിരുന്ന എനിക്ക് കേട്ടത് വേറൊരു രൂപത്തില്‍ . പിന്നീട് ആര് വന്നയാളെ സഹായിച്ചതെന്നറിയില്ല. ഉറക്കമുണര്‍ന്ന ഞാന്‍ കാണുന്നതു ബംഗാളിയില്‍ പരസ്പരം കടിച്ചു കീറുന്ന ഇരുവരെയും ആയിരുന്നു. ആ സമയത്ത് അതിനു മുമ്പേ നടന്നതിനെ കുറിച്ചറിയാത്ത ഞാന്‍ അവരുടെ സംസാരത്തെ രൂക്ഷമായ ഒരു നോട്ടത്തിലൂടെ മുറിപ്പെടുത്തിയിരുന്നുവോ? ഓര്‍മയില്ല.


അയാള്‍ക് എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കില്‍ പടച്ചവനേ എന്റെ സങ്കടങ്ങള്‍ എപ്പോള്‍ തീരുമെന്നതിനെ കുറിച്ച് സുഹൃത്തുക്കളുമായി ഉറക്കത്തിന് മുമ്പൊരു കുമ്പസാരം നടത്തി .ആ സമയത്ത് ഞാനും ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നെന്നും, അവര്‍ പണിയെടുക്കുന്നത് കൊണ്ട് ബാല്‍ക്കണിയുടെ വാതിലടച്ചിട്ടായിരുന്നു ഫോണ്‍ വിളിച്ചിരുന്നതും എന്ന കൂട്ടുകാരന്റെ വാക്കുകകള്‍ അത് വരെ എന്റെ പാതി ശവാവസ്ഥയില്‍ സമാധാനം പൂണ്ട മനസ്സില്‍ വൈ ഫൈ സംവിധാനത്തിലൂടെ നമ്മള്‍ നമ്മളിലെക്കൊതൂങ്ങിയതും നമ്മുടെ മനുഷ്യത്വത്തിന്റെ സഹാനുഭൂതിയുടെ ബാല്‍കണിയുടെ വാതിലുകളല്ലെ അടച്ചിടുന്നതെന്നും ഞെട്ടലോടെ തിരിച്ചറിയുന്നു.

2013 ഫെബ്രുവരി 15, വെള്ളിയാഴ്‌ച

ഗ്ലോബല്‍ വില്ലേജ്‌


അവധിയുടെ ആലസ്യം ഒരു വശത്ത് , ഉച്ചക്ക് വലിച്ചു കേറ്റിയ നെയ്ച്ച്ചോരിന്റെയും അവലും പണ്ടത്തിന്റെയും മന്ദിപ്പ് മറ്റൊരു വശത്ത് ഇതിനിടയില്‍ സുഹൃത്തിന്റെ ചോദ്യം നമ്മള്‍ക്ക് ഫെസ്റ്റിവലിന് പോയാലോ . അവന്‍ വന്നിട്ട് എട്ടു മാസം ആകുന്നതേ ഉള്ളൂ , വന്നത് മുതല്‍ പറയുന്നതാ നമുക്കെല്ലാം ഒന്നിച്ചൊരു ദിവസം പുറത്തോട്ടു പോകാന്‍ സാധിക്കുമോ എന്ന്. പല ദിവസങ്ങളിലായി അവധി ദിനങ്ങള്‍ അനുവദിച്ചു കിട്ടുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് ഒന്നിച്ച് എവിടെയെങ്കിലും പോകാന്‍ സാധിക്കുക എന്നത് മനസ്സിന് സന്തോഷം നല്‍കുന്ന ഒന്നാണ്

ഗ്ലോബല്‍ വില്ലേജിന്റെ റോഡിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് കണ്ടപ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ വണ്ടിക്കൊരു പാര്‍ക്കിംഗ് പെട്ടെന്ന് കിട്ടണേ തമ്പുരാനേ . പ്രാര്‍ത്ഥന ദൈവം തമ്പുരാന്‍ കേള്‍ക്കുംബോയേക്കും പാര്‍ക്കിംഗ് ഏരിയകളൊക്കെ പലവട്ടം ചുറ്റിക്കറങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു. ഒടുവില്‍ ഒരു വിധം വണ്ടിയും പാര്‍ക്ക് ചെയ്ത് ഒരു ലോകം ഒരു കുടുംബം ഒരാഘോഷം എന്ന് കൊട്ടിഘോഷിക്കുന്ന ഗ്ലോബല്‍ വില്ലേജിന്റെ പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍ ഞങ്ങളെ പോലെ വേറെയും ആയിരങ്ങള്‍.. ...

പ്രവേശന പാസ്സും എടുത്ത് അകത്തു കയറിയപ്പോള്‍ മനസ്സിനും കാതിനും എന്നും കുളിര് നല്‍കുന്ന "ഹേ ദോസ്തീ " എന്ന് തുടങ്ങുന്ന ഗാനം അടിച്ചു പൊളിച്ചു പാടുന്നു. ഗാനം തീരുന്നത് വരെ അവിടെ തന്നെ കേട്ട് നിന്നു . ഇനി നാളെ ഇതേ സമയം കാണാം എന്ന് പറഞ്ഞു ഗായകനും സംഘവും വിട പറഞ്ഞപ്പോള്‍ നല്ല സൌഹൃദത്തിന്റെ ഓര്‍മ്മകള്‍ അവ എന്നും മനസ്സിന് നല്‍കുന്ന കുളിരുകള്‍ ഗ്ലോബല്‍ വില്ലേജിലെ മരം കോച്ചുന്ന തണുപ്പിനേക്കാള്‍ മനസ്സിന് കുളിര്‍മ നല്‍കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു.

എല്ലാ പവിലിയിനുകളിലും കയറണമെന്ന അതി മോഹം ആദ്യം കയറിയ ചൈനാ പവിലിയന്‍ അനുഭവം കൊണ്ട് തന്നെ മനസ്സിനെ ത്രിപ്പ്തിപ്പെടുത്തി. മാസാവസാനമായതിനാലും കയ്യിലെ പെഴ്സിന്റെ കനം മറ്റാരേക്കാളും അവരവര്‍ക്ക് അറിയുന്നത് കൊണ്ടും തന്നെ അതി സാഹസീകതക്കൊന്നും ആരും മുതിര്‍ന്നില്ല . ഒന്നും വാങ്ങിക്കാന്‍ ഇല്ലായിരുന്നിട്ടും കയരിയിടത്തൊക്കെ വെറുതെ വില ചോദിച്ചു , നേര്‍ച്ച വീട്ടും പോലെ സെയില്‍സ്മാന്‍ വില പറയുമ്പോള്‍ മനസ്സിലെ പുച്ച്ചത്തെ ഒളിപ്പിച്ചു കൊണ്ട് തേച്ചു പിടിപ്പിച്ച ചിരിയുമായുള്ള അവരുടെ ആ വില പറച്ചില്‍ കാണാന്‍ തന്നെയല്ലേ അവരോടു വില ചോദിച്ചത് എന്ന് മനസ്സില്‍ ചിന്തിക്കുകയായിരുന്നു ഞാനപ്പോള്‍ .


തണുപ്പിന്റെ കാഠിന്യം കൂടിയപ്പോള്‍ വിശപ്പിന്റെ അസുഖം സഹിക്ക വയ്യാത്ത രണ്ടു സുഹൃത്തുക്കള്‍ അറബി പലഹാരം ഉണ്ടാക്കുന്ന ഒരു സ്ഥലത്ത് കൂപ്പണും എടുത്തു കാത്തിരിപ്പ് തുടങ്ങി. മുക്കാല്‍ മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഗൂഗിളില്‍ തപ്പി കിട്ടിയ അറബി വാക്കുകളൊക്കെ പരമാവധി ഉപയോഗിച്ചു കയ്യില്‍ ആവി പാറുന്ന പലഹാരവുമായി അവന്റെ ആ വരവും അപ്പോളവന്റെ മുഖത്ത് കണ്ട പ്രകാശം ഗ്ലോബല്‍ വില്ലേജിലെ എല്ലാ പ്രകാശ സംവിധാനങ്ങളും അവന്റെ മുഖത്ത് ഒന്നിച്ചു ഫിറ്റ് ചെയ്തിരിക്കുന്നതായി തോന്നിപ്പോയി.

കാഴ്ച്ചകള്‍ കാണുന്നതിനിടയില്‍ അരിയില്‍ പേരെഴുതുന്ന ആ കലാകാരന്റെ കരവിരുത് സുഹൃത്ത് അവന്റെയും അവന്റെ ഭാവി വധുവിന്റെയും പേരെഴുതിക്കുന്നതും തൊട്ടടുത്തായി മുന്നില്‍ ഇരിക്കുന്നവരുടെ കാരിക്കേച്ചര്‍ പത്തു മിനുട്ടിനുള്ളില്‍ വരച്ചു കൊടുത്തു കൊണ്ടിരിക്കുന്ന കലാകാരനെയും ആരാധനയോടെ തന്നെ നോക്കി നിന്നുപോയി. സ്മയങ്ങളുടെ ലോകക്കാഴ്ച്ചകളെ ഒരു കുടക്കീഴില്‍ ഒതുക്കിയ ഗ്ലോബല്‍ വില്ലേജിലെ കാഴ്ച്ചകള്‍ ഒരു രാവ് കൊണ്ട് കണ്ട് തീര്‍ക്കാന്‍ പറ്റില്ല എന്ന് മനസ്സിലാക്കി തിരികെ നടക്കുന്നതിനിടയില്‍ ഇന്ത്യന്‍ പവിലിയനിലെ ഉസ്താദ് ഹോട്ടലില്‍ കണ്ട കശ പിശ ചിക്കന്‍ സമൂസയില്‍ ചിക്കനില്ലാ എന്ന് പറഞ്ഞു കൊണ്ടായിരുന്നു. ചായക്ക് വേണ്ടി ക്യൂ നില്‍ക്കുന്നതിനിടയില്‍ ഇനിയിപ്പോള്‍ ചായയില്‍ എന്തൊക്കെയാണോ ആവോ ഉണ്ടാകാതിരിക്കുന്നത് എന്നോര്‍ത്ത് മെല്ലെ അവിടെ നിന്നും ആ മോഹം ഉപേക്ഷിച്ചു മുന്നോട്ടു നടന്നു.

പുറത്തേക്കുള്ള ഗേറ്റിലേക്ക് നടക്കുന്ന നേരത്തും എല്ലാവരും നാളെ മുഖ പുസ്തകത്തില്‍ പോസ്റ്റാന്‍ പാകത്തില്‍ പല പോസുകളില്‍ ഫോട്ടോ എടുക്കുന്ന തിരക്കിലും ഞാന്‍ ഫിലിപ്പൈനിയോടു വാങ്ങിച്ച പച്ച മാങ്ങാ കഷ്ണം മുളകും കൂട്ടി തട്ടുന്നതിനിടയില്‍ നീയൊക്കെ ഫോട്ടോ എടുത്ത് പോസ്ടിക്കോ നമ്മ നാളെ നിങ്ങളെ ഒന്നാകെ ഇട്ടു പോസ്റ്റിക്കോളാം എന്ന് മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു.

കളിപ്പാട്ടങ്ങളും ബലൂനുകളും വില്‍പ്പനക്ക് വെച്ചവരുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍ അതിനു വേണ്ടി കരയുന്ന കുട്ടിയെ കണ്ടപ്പോള്‍ ഓര്‍മ്മകളില്‍ നാട്ടിലെ പള്ളിയിലെ ഉറൂസും ചന്തയും. ബലൂണിനും കളിപ്പാട്ടങ്ങള്‍ക്കും വേണ്ടി വല്ലാണ്ട് ശല്യം ചെയ്തപ്പോള്‍ ഉമ്മയുടെ നുള്ള് കൊണ്ട കൈ വെറുതെ ഒന്ന് കൂടി തടവി ,കുട്ടിക്കാലത്തിന്റെ ആ ഓര്‍മ്മകളിലേക്ക് മനസ്സിനെ ഒരു വട്ടം കൂടി കൂട്ടിക്കൊണ്ട് പോയി


പേരറിയാത്ത ഈജിപ്ഷ്യന്‍ വിഭവം കൂടി അകത്താക്കി ഒരു വിധം വാഹനത്തില്‍ കയറിയപ്പോള്‍ വഴിയിലെ ട്രാഫിക്കും മൂടല്‍ മഞ്ഞും എപ്പോള്‍ കൂടണയാന്‍ പറ്റും എന്ന ചിന്ത മാത്രമായിരുന്നു .....

2013 ഫെബ്രുവരി 14, വ്യാഴാഴ്‌ച

ഇടത്തരക്കാര്‍



മുഖ പുസ്തക താളുകളില്‍ പഴയ കൂട്ടുകാരുടെ പ്രൊഫൈലിലൂടെ വെറുതെ കണ്ണോടിച്ചപ്പോയാണ് എന്റെ കൂടെപഠിച്ച നാട്ടുകാരനായ അവന്റെ ചിത്രം സ്ക്രീനില്‍ തെളിഞ്ഞു വന്നത്. അവന്റെ പ്രൊഫൈല്‍ ചിത്രവും ഫോടോകളും കണ്ടപ്പോള്‍ നിനച്ചിരിക്കാതെ കിട്ടിയ അവധിയുടെ ആലസ്യം മനസ്സില്‍ നിന്നും എങ്ങോ പോയ പോലെ.


നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു ദിവസം എന്റെ കടയില്‍ അവന്റെ ജ്യേഷ്ട്ടന്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ വന്നിരുന്നു. തലയിലെ തൊപ്പിയും താടിയും അയാളുടെ വേഷവും തികച്ചും ആത്മീയ ലക്ഷണങ്ങള്‍ ആയിരുന്നു സൂചിപ്പിച്ചിരുന്നതെങ്കിലും ഇത്രചെറുപ്പത്തിലേ ഇയാള്‍ എന്താ ഇങ്ങനെയൊക്കെ എന്ന സാധാ മലയാളി ചിന്തയായിരുന്നു എനിക്ക്. അയാളുമായി കുറച്ചു സമയം സംസാരിച്ചിരുന്നപ്പോയാണ് എന്തു മാത്രം തീക്ഷണമായ ജീവിതത്തിലൂടെയാണ് അയാളും കുടുംബവും കടന്നു പോയിരുന്നത് എന്നു മനസ്സിലായത്. ഇയാളെയാണല്ലോ പടച്ചോനേ നാട്ടിലെ ഞാനുള്‍പ്പെടുന്ന സമൂഹം പച്ച മാംസമാക്കിയിരുന്നത് എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ വല്ലാത്ത കുറ്റ ബോധം.


സംസാരത്തിനിടയില്‍ എപ്പോഴോ മധ്യ വര്‍ഘം അഥവാ ഇടത്തരക്കാരെ കുറിച്ചുള്ള വിഷയവും കടന്നു വന്നു. വളരെ പാവപ്പെട്ടവരെയും പണക്കാരനെയും എല്ലാവരും എപ്പോഴും ശ്രദ്ധിക്കുന്നു . എന്നാലോ ആരുടെ മുന്നിലും പോയി സങ്കടങ്ങള്‍ പറഞ്ഞു തല കുനിക്കാന്‍ ഇഷ്ടപ്പെടാതെ തങ്ങളുടെ പ്രശ്നങ്ങള്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന ഇടത്തരക്കാരെ ആരും കാണുന്നുമില്ല. നീറുന്ന സാമ്പത്തീക പ്രശ്നങ്ങളില്‍ അകപ്പെട്ട ആ കുടുംബം അല്ലലും അലട്ടലുമില്ലാത്ത വേറൊരു ലോകത്തേക്ക് , ഈ ജീവിതം വെടിഞ്ഞു പോവാതിരുന്നത് ദൈവ ഭയം ഒന്നു കൊണ്ട് മാത്രമാണെന്ന അയാളുടെ വാക്കുകള്‍ ഇന്നും കാതുകളിലും മനസ്സിലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരമായി നില നില്‍ക്കുന്നു.


ജീവിതമെന്ന ഈ നാടകത്തിലെ തീക്ഷണമായ ഒരു പാടു രംഗങ്ങള്‍ ആടിത്തീര്‍ത്ത സുഹൃത്തും കുടുംബവും ഇന്ന് ഉയര്‍ന്ന ജീവിതം നയിക്കുന്നത് കാണുമ്പോള്‍ എല്ലാം പരം പൊരുളില്‍ അര്‍പ്പിച്ച ആ അര്‍പ്പണ ബോധത്തെയും വിശ്വാസത്തെയും നമിക്കുന്നു. ആ പൊരുളില്‍ മാത്രമല്ലേ എല്ലാം നമുക്ക് അര്‍പ്പിക്കുവാനുമുള്ളൂ.

2013 ഫെബ്രുവരി 11, തിങ്കളാഴ്‌ച

നോമ്പിന്റെ ഓര്‍മ്മ




കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ ഫുജൈറയില്‍ അഡ്നോകിന്റെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സമയം . ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് നോമ്പു മുറിക്കുന്ന സമയം ജോലിയുണ്ടാവുക. നോമ്പു തുറക്കാന്‍ അടുത്തുള്ള താനൂര്‍ സ്വദേശീകളുടെ കഫ്ത്തീരിയ ഉണ്ടായിരുന്നത് കൊണ്ട് വലിയ ബുദ്ധി മുട്ടൊന്നും ഉണ്ടാകാറില്ലായിരുന്നു. അന്നത്തെ ദിവസം സാധാരണ ദിവസങ്ങളില്‍ അഞ്ചു മണിക്ക് തുറക്കുന്ന കഫ്തീരിയ നോമ്പു തുറയുടെ സമയമായിട്ടും തുറക്കാതായപ്പോള്‍ എനിക്കും തമിഴ് നാടു സ്വദേശി മാഹിനും ആകെ കൂടി വെപ്രാളമായി. പൈസ കൊടുത്താല്‍ പോലും ഒന്നും വാങ്ങിക്കാന്‍ കിട്ടാത്ത ദുബൈ ഫുജൈറ ഹൈ വെയിലായിരുന്നു പെട്രോള്‍ പമ്പ്.



പെട്രോള്‍ പമ്പില്‍ ഇഫ്താര്‍ സമയത്ത് എത്തിച്ചേരുന്ന യാത്രക്കാര്‍ക് കൊടുക്കാന്‍ കരുതി വെച്ച കാരക്കയും പച്ച വെള്ളവും എടുത്തു ഞങ്ങള്‍ ബാങ്ക് വിളിച്ചത് അറിയിക്കുന്ന സുഹൃത്തിന്റെ ടെലിഫോണ്‍ വിളിക്കായി കാത്തിരുന്നു. നോമ്പു തുറന്നു നിസ്കാരവും കഴിഞ്ഞു സേഫ്റ്റി ഷൂ ധരികുമ്പോള്‍ ഒരു പിക് അപ്പ് വാന്‍ വന്നടുത്ത് നിരത്തി. പാകിസ്ഥാനിയായ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയിട്ട് ചോദിക്കുകയാ ഭായീ ബിരിയാണി ചാഹിയെ .എന്തായിരികും ആ സമയത്തെ അവസ്ഥ അത് നിങ്ങള്‍ക്കു വിട്ടു തരുന്നു .വണ്ടിയില്‍ നിന്നും അയാള്‍ ഒരു വലിയ തളിക ബിരിയാണി എടുത്തു തന്നു. എന്തു പറയണമെന്നോ എന്താണ് സംഭവിച്ചതെന്നോ മനസ്സിലാകാതെ കയ്യിലെ ബിരിയാണി തളികയുമായി സ്തംഭിച്ചു നില്‍ക്കുമ്പോള്‍ നാളെ വന്നു പാത്രം എടുക്കാമെന്ന് പറഞ്ഞു അയാള്‍ ദുബൈ ഹൈ വെയിലേക്ക് വണ്ടിയുമായിപറന്നു പോയിരുന്നു.





ജീവിതത്തില്‍ ഇന്ന് വരെ കഴിച്ച ഭക്ഷണങ്ങളില്‍ വെച്ചേറ്റവും രുചി ആ ബിരിയാണിക്ക് തോന്നിയത് കണ്ണില്‍ നിന്നും അടര്‍ന്ന് വീണ കണ്ണു നീരിന്റെ ഉപ്പും കൂടി ചേര്‍ന്നത് കൊണ്ടാണോ അതോ ഉമ്മ എപ്പോഴും പറയുന്നത് പോലെ എന്റെ മക്കള്‍ക്ക് എവിടെ പോയാലും ഭക്ഷണത്തിനു മുട്ട് വരാതെ റബ്ബ് കാത്തോളും എന്ന പ്രാര്‍ഥനയോ എനിക്കറിയില്ല.









2013 ഫെബ്രുവരി 9, ശനിയാഴ്‌ച

ഖബര്‍സ്ഥാന്‍



മുടിയിലും താടിയിലും കാണപ്പെട്ട വെളുത്ത രേഖകളാണോ,സുഹൃത്തിന്റെ ഉമ്മാമയുടെ മരണമാണോ അതോ ഒന്നര വര്ഷം മുന്പ് അബുദാബിയില്‍ വെച്ചു മരിച്ച ബന്ധുവായ നാച്ചിയെ(നാസര്‍)) സ്വപ്നത്തില്‍ കണ്ടതോ ആയിരിക്കാം ഖബര്‍സ്ഥാനെ കുറിച്ച് എഴുതാന്‍ പ്രേരണ നല്കിയത്.


എത്ര ഗജ പോക്കിരിയായാലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം സ്വന്തക്കാരുടെ ഖബറിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും അവര്‍കു വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന കാര്യത്തില്‍ എന്റെ നാട്ടുകാര്‍ ഉപേക്ഷ കാണിക്കാറില്ല.

നാടില്‍ ഉണ്ടായിരുന്നപ്പോയും നാടു വിട്ടു പ്രവാസത്തിലെക് ചേക്കേറി ഇടക്കിടെ നാട്ടിലെത്തുംബോയും ഞാനും ഈ പതിവ് തുടര്‍ന്നിരുന്നു. അത് കൊണ്ട് തന്നെ ഖബര്‍സ്ഥാനിലെ നിത്യ സന്ദര്‍ശകരെ എളുപ്പം തിരിച്ചറിയുകയും ചെയ്തിരുന്നു.


ഏല്ലാ ആഴ്ചയും പുതിയ സന്ദര്‍ശക മുഖങ്ങളും മണണിന്‍റെ നനവ് മാറാത്ത പുതിയ ഖബറുകളും ചെറുപ്പ കാലത്ത് കൌതുകവും ആശ്ചര്യവുമായിരുന്നു . ഖബരാളികല്‍ക് സലാം ചൊല്ലി കുറച്ചു മുന്നോട്ടു പോയപ്പോള്‍ ആദ്യം കണ്ട ശഹ്നാജിന്റെ മുഖം കഴിഞ്ഞാഴ്ച മരിച്ച അവന്റെ ഉപ്പയുടെ വിയോഗം അവനില്‍ തീര്‍ത്ത ശൂന്യതയുടെ ആഴം വിളിച്ചോതുന്നുണ്ടായിരുന്നു. കലങ്ങിയ കണ്ണുകള്‍ ഒളിപ്പിച്ചു കൊണ്ട് ചിരിക്കാന്‍ ശ്രമിച്ച അവന്റെ മുഖത്തേക് നോക്കാനാവാതെ സുഖമല്ലേ എന്നു ചോദിക്കുമ്പോള്‍ എന്റെയും വാക്കുകള്‍ ഇടറിയിരുന്നുവോ?


.
അധിക പേരും മാതാ പിതാക്കളുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ വരുന്നതിനാലാകാം , നിനച്ചിരിക്കാത്ത നേരത്ത് പുത്ര വിയോഗം ഏറ്റു വാങ്ങേണ്ടി വന്ന കാസ്മി ഇക്കയുടെയും ,അസീസിക്കയുടെയും ചിത്രങ്ങള്‍ മായാതെ നില്‍ക്കുന്നത്. പ്രവാസ ജീവിതത്തിനിടയില്‍ ഒരു ദിവസത്തെ ഉറക്കത്തിനിടയിലുണ്ടായ ഒരു ആഘാതം ഉറക്കമുണരാത്ത ലോകത്തേക്ക് ശുഹൈബേ നിന്നെ കൂട്ടികൊണ്ടു പോയതല്ലേ നിന്റെ ഉപ്പയെ നിന്റെ ഖബറിന് മുന്നില്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ച് കൊണ്ട് നില്‍ക്കാന്‍ ഇടയാകിയതെന്നോര്‍ക്കുമ്പോള്‍ ഒരു വിങ്ങല്‍ .


എന്‍റെ രണ്ടാം പ്രവാസ ഭാഗ്യ പരീക്ഷണത്തിന് യാത്ര പുറപ്പെടുന്ന ആ വെള്ളിയാഴ്ച യാത്ര പറയാന്‍ അന്വേഷിച്ച നീ യാത്ര പോയത് അനീസേ എന്നെന്നേക്കുമായിട്ടാനല്ലോ? .എപ്പോഴും പുഞ്ചിരിക്കുന്ന നിന്റെ മുഖം, ഖബര്‍സ്ഥാനില്‍ നിന്റെ ഉപ്പ നിനക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സമയത്ത് സങ്കടതിരമാലകള്‍ തീര്‍ക്കുന്നതും തീര്‍ത്തതും ആ വെള്ളിയാഴ്ച ഹാജീ റോഡിലെ നിന്റെ വീട്ടിലേക്ക് ഒഴുകിയ ജനസഹസ്രങ്ങളെയായിരുന്നില്ലേ.......


പിന്നെയും കുറെ പേര്‍ ചെനോത്തെ സാലിഹും,യു സീ നൌഫലൂം,സിയെശംസീറും,കെപി സലാമും,സീടി സമീറും, ഷമീം ടി കെ പി,സീ കെ വി ശുഹൈബ് അങ്ങിനെ കുറെ വിടരാത്ത മൊട്ടുകള്‍ ..... പിന്നെ മീസാന്‍ കല്ലിന്മേല്‍ മാത്രം പേരുകള്‍ ബാക്കി വെച്ചു പോയ കുറേ പാവം ഖബരാളികളും....പുതിയ സന്ദര്‍ശകരെയും പുതിയ താമസക്കാരെയും കാത്തു കൊണ്ട് വിശാലമായ ഖബര്‍സ്ഥാന്‍ എല്ലാവരെയും ഉള്‍ കൊള്ളാന്‍ തനിക്കാവുമെന്ന അഹങ്കാരത്തോടെ ................









comments

2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

തിരിച്ചുപോക്ക്


ജോലി കിട്ടിയിട്ട് വേണം  ലീവ് എടുക്കാന്‍ എന്നു പറഞ്ഞത് പോലെ ഒരു പണിക്കു  നിന്നിട്ടു  പത്തു മാസം തികയും മുന്‍പേ  നാട്ടിലേക്ക് പോയി . അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ പോന്നു  മോളെ  ഒന്നു കാണണം, റബീഉല്‍ അവ്വലിലെ നേര്‍ച്ചയ്ക്ക് കൂടണം.  ആഗ്രഹങ്ങള്‍ക്ക്  എന്നും  അതിരുകളില്ലല്ലോ. മോളെയും കണ്ടു നേര്‍ച്ചയും കൂടി തിരിച്ചു വരാന്‍  വേണ്ടി കോഴിക്കോടെ എയര്‍പോര്‍ടിലെത്തി. സുഹൃത്തിന്റെ ഉപ്പയെ കൂട്ടാന്‍ പോകുന്ന ടാക്സിയിലാണ് വന്നത്.  അവന്റെ ഉപ്പാക്ക് സുഖമില്ലാതെ  വരുന്നത്   കൊണ്ട് കുറെ സമയം അദേഹത്തെയും  കാത്തു പുറത്തു നിന്നു. നേരം കുറെ ആയിട്ടും അദ്ദേഹത്തെ  കാണാഞ്ഞപ്പോള്‍  അവനോടു  സലാം പറഞ്ഞു പിരിഞ്ഞു .    പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ വന്നവരുടെ മുഖങ്ങളിലെ സന്തോഷം എന്റെ കൂട്ടുകാരനില്‍ മാത്രം കാണാന്‍ കഴിയാത്തത്  ഉപ്പ അസുഖ ബാധിത്നായി വെരുന്നത് കൊണ്ടാവാം.  ഇന്നദ്ദേഹം ഈ ലോകത്തില്‍ നമ്മോടോപ്പവുമില്ല ഖബര്‍ സ്വര്‍ഗപ്പൂന്തോപ്പാക്കി മാറ്റട്ടെ സര്‍വ്വ ലോക രക്ഷിതാവ്‌ ആമീന്‍ .

  വിങ്ങിപൊട്ടുന്ന ഹൃദയം പേറി ലഗ്ഗേജുമായി ട്രോളി ഉന്തി പോകുമ്പോള്‍  വെറുതെ ഒന്നാശിച്ചു വേണ്ടെടാ  നീ പോകേണ്ട വാ നമുക്കിവിടെ ഉള്ളത് കൊണ്ടോണം പോലെ കഴിയാമെന്ന്. വിളിക്കാന്‍ ആരുമില്ല എന്നോര്‍ത്തപ്പോള്‍ ഇനി അങ്ങോട്ടു ഞാന്‍ തനിച്ചെന്ന ചിന്ത ചില്ലറയൊന്നുമല്ല എല്ലാ പ്രവാസികളെയും പോലെ എന്നെയും  അലട്ടിയത്. 


  കാല്‍ അല്പം നീളമുള്ള എനിക്കു മുന്‍ സീറ്റില്‍ ഇരീപ്പിടം കിട്ടിയതില്‍ പടച്ചവനോടു നന്ദി പറഞ്ഞു. എ‌സിയുടെ തണുപ്പ് കൂടിയതോ ഫ്ലൈറ്റിന്റെ ശബ്ദമോ എന്തോ കുറച്ചു അകലെയായി ഇരുന്ന കുട്ടിയുടെ കരച്ചില്‍ ആദ്യം മോളെ  ഓര്‍മിപ്പിച്ചെങ്കിലും പിന്നീടെപ്പോഴോ   അരോജകമായി തോന്നാന്‍ തുടങ്ങി. ആ അമ്മ ഒരു പാടു ശ്രമിച്ചിട്ടും  ഒരു വയസ്സുകാരിയുടെ കരച്ചിലിന് ശക്തി കൂടിയതല്ലാതെ കുറഞ്ഞില്ല. ഞായറാഴ്ചകളിലെ ദൂര ദര്‍ശനിലെ ബധിരര്‍ക്കുള്ള വാര്‍ത്ത അനുസ്മരിപ്പിക്കും വിധമുള്ള പതിവ് കാട്ടി കൂട്ടലുകള്‍ക് (സേഫ്റ്റി ഇന്സ്ടൃക്ഷന്‍ ) ഇടയില്‍    ആ കുഞ്ഞിന്റെ ശബ്ദം നേര്‍ത്തു വന്നപ്പോള്‍ അവള്‍ ഉറങ്ങിയെന്ന് മനസ്സിലായി . 


എയര്‍ ലൈന്‍സിന്റെ ഔദാര്യം കൈ നീട്ടി വാങ്ങി പശിയടക്കിയപ്പോള്‍ എന്റെ കണ്ണുകളിലും ഉറക്കം .  എത്ര നേരം ഉറങ്ങിയെന്നറിയില്ല എന്തു കണ്ടാണ് ഞെട്ടിയതെന്നുമറിയില്ല, കഴിഞ്ഞ രാത്രികളില്‍ തൊട്ടടുത്ത് കിടന്ന എന്റെ പൊഞ്ഞു  മോളെവിടെ.  അവളിപ്പോള്‍ കാതങ്ങളൊരു പാടകലെയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നെഞ്ചിലേക്ക് ആരോ ഭാരമുള്ള എന്തോ കയറ്റി വെച്ച പോലെ. ബോട്ടിലിലുണ്ടായ പച്ച വെള്ളം നാവ് നനച്ചതല്ലാതെ മനസ്സിനെ തണുപ്പിച്ചില്ല.  എസിയുടെ തണുപ്പിലും വിയര്‍കുന്നത് ഞാനറിഞ്ഞു. പെഴ്സിന്റെ ഉള്ളറകളിലുണ്ടായ ഇരുന്നൂറ് ദിര്‍ഹംസും ക്രെഡിറ്റ് കാര്‍ഡിലെ ബാലന്സും  അടുത്ത ഫ്ലൈറ്റില്‍ ദുബായില്‍ നിന്നും തിരിച്ചു നാടിലേക്കുള്ള ടിക്കെറ്റിന് മതിയാകും എന്ന ചിന്ത ഫ്ലൈറ്റ് എത്രയും വേഗം ദുബായില്‍ എത്തിയാല്‍ മതിയെന്നായി.

എവിടെ നിന്നോ ചങ്ക് പോട്ടുമാരുച്ചത്തിലുള്ള  കരച്ചില്‍ എന്നെ  ചിന്തയില്‍ നിന്നും ഉണര്‍ത്തി. നേരത്തെ കരഞ്ഞ കുട്ടിയുടെ അമ്മയാണ് എന്റെ മോളെ എന്റെ മോളെ എന്നു വിളിച്ചു കരയുന്നത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് ഞാനും പോയി.. കുട്ടിക്ക് അനക്കമില്ല . ഓടികൂടിയവരില്‍ പലരും പലതും ചെയ്യൂന്നു കൂട്ടത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ ശക്തിയായി കുട്ടിയുടെ നെഞ്ച് അമര്‍ത്തി കൊടുത്തു.  കുറച്ചു സമയത്തെ ശ്രമഫലമായിട്ടോ  അതോ ആ അമ്മയുടെ നെഞ്ച് പൊട്ടിയ കരച്ചില്‍ കേട്ടിട്ടോ  എന്തോ ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ സന്തോഷത്തിന്റെ പെരുമഴക്കാലം തീര്ത്ത് ആ കുഞ്ഞ് മോള്‍ ഒന്നു  പിടഞ്ഞു. പതിയെ പതിയെ ആ ചെറിയ വായില്‍ ഉറക്കെ കരഞ്ഞു കൊണ്ടേ ഇരുന്നു. ഇപ്പോള്‍ ആ കരച്ചിലിന് ജീവിത താളം തിരിച്ചു കിട്ടിയതിന്റെ തിരിച്ചറിവായിരിക്കാം.  ഇതിനിടയില്‍ പെഴ്സിലെ ക്രെഡിറ്റ് കാര്‍ഡും തിരിച്ചു പോക്കും ഓര്‍മയില്‍ നിന്നും എങ്ങോട്ടോ പോയ് മറഞ്ഞിരുന്നു . 





Write a new comment:

2013 ഫെബ്രുവരി 3, ഞായറാഴ്‌ച

നൊസ്സുകള്‍ : നേരമ്പോക്ക്‌

നൊസ്സുകള്‍ : നേരമ്പോക്ക്‌ഇനി നീ വിളിക്കരുത് ഞാന്‍ വേറെ ആളാണെന്ന് കരുതിയാ ഇത്രയും നാള്‍ സംസാരിച്ചത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കാമുക ഹൃദയങ്ങളിലുണ്ടായേക്കാവുന്ന അവസ്ഥ നിങ്ങല്‍ക് ഊഹിക്കാവുന്നതേയുള്ളൂ. എന്തു പറയും എന്നു കരുതി എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയില്ല പകരം 




നേരമ്പോക്ക്‌



അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണോ, ഇന്റെര്‍നെറ്റ് ചാറ്റിങ്ങോ ഇല്ല. പക്ഷേ എല്ലായിടത്തും ടെലിഫോണ്‍ വ്യാപകമായിരുന്നു. രാവിലെ എട്ടരമുതല്‍ തുടങ്ങും സൈക്കിള്‍ വൃത്തിയാക്കാന്‍ . വീടു  പുതുക്കി പണിത് കൊണ്ടിരിക്കുന്നതിനാല്‍ ആ സമയത്ത്  പണിക്കാരും ഉണ്ടാകും . അവരെ സഹായിക്കാനെന്ന വ്യാജേന വീടിനു മുന്‍വശത്ത്‌  വെറുതെ മണ്ടി നടക്കും . എട്ടേ മുക്കാലോട് കൂടി പത്താം ക്ലാസ്സുകാര്‍ ഒമ്പതരയോട് കൂടി ബാക്കിയുള്ള വെള്ളരിപ്പ്രാവുകളും വീടിന് മുന്നിലുള്ള ഇടവഴിയിലൂടെ കടന്നു പോകും . ഇഷ്ട ഭാജനങ്ങളെ കാണാനാണ് ഈ കാട്ടിക്കൂട്ടലുകളൊക്കെ എന്നിപ്പോള്‍ എല്ലാവര്‍ക്കും  മനസ്സിലായി കാണുമല്ലോ ? അന്നൊരാളില്‍ മാത്രം മനസ്സ് ഉറച്ചു നിന്നിരുന്നില്ല . അതോരോ സമയത്തും ഒന്നില്‍ നിന്നും മറ്റൊന്നിലേക് ചാടിക്കൊണ്ടേയിരുന്നു.


     അന്നത്തെ മിക്കവാറും എല്ലാ പൂവാലന്‍മാര്‍കും സൈക്കിള്‍ കഴിഞ്ഞാല്‍ ടെലിഫോണ്‍ ആയിരുന്നു ഇത്തരം കസര്‍ത്തുകള്‍ക് അത്താണി ആയിടുണ്ടായിരുന്നത്ത്. വീട്ടിലെ അംഗ സംഖ്യ  കുറവായതില്‍ പള്ളിയില്‍ നേര്‍ച്ച ചോര്‍ കൊടുക്കുംബോഴുണ്ടായിരുന്ന വിഷമങ്ങള്‍ ടെലിഫോണ്‍ വിളിക്കാനുള്ള അവസരങ്ങളില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു . കൊളുത്തിക്കിട്ടിയ ഒരു ലൈനില്‍  ഞാനും അങ്ങ് കത്തിക്കേറി . തിരിച്ചു വിളികള്‍ ഇല്ലാതിരുന്നിട്ടു പോലും അങ്ങോട്ടു വിളിക്കുന്നതില്‍ ഞാന്‍ ശൂഷ്കാന്തിക്കുറവ് ഒരിക്കലും  കാട്ടിയില്ല . സന്ധ്യാ സമയങ്ങളില്‍ പൂച്ചക്കാഷ്ടം   മണക്കുന്ന പൂഴി മണലില്‍ മലര്‍നു കിടന്നും , ആള്‍ക്കാരുടെ പച്ച മാംസം തിന്നുന്ന ഫിത്ന കല്ലുകളിലും (ഏഷണിക്കല്ല്)ഞങ്ങള്‍ കാമുകന്മാര്‍   ടെലിഫോണ്‍ വിശേഷങ്ങള്‍ കൈമാറി . പൊടിപ്പും തൊങ്ങലും   വെച്ചു ഓരോന്ന് പറയുമ്പോള്‍ കാമുക ഹൃദയങ്ങള്‍ ഈരേഴ് പതിനാല് ലോകവും കഴിഞ്ഞു തന്റേത് മാത്രമായ പതിനഞ്ചാം ലോകത്തായിരിക്കും . കൊളുത്തിക്കിട്ടിയ ലൈനില്‍  ഇങ്ങനെ കുറെ കാലം വിളി തുടര്‍ന്നു. നേരിട്ട് കാണുമ്പോള്‍ മിണ്ടാനുള്ള ധൈര്യം അതെന്തൊ എങ്ങോട്ടോ ചോര്‍ന്ന് പോകുമായിരുന്നു. 


അന്നും പതിവ് പോലെ വൈകുന്നേരം നമ്മുടെ കക്ഷി സ്കൂള്‍ വിട്ടു വീടിലെത്തുന്ന  സമയം ഹരിച്ചു ഗുണിച്ചു നീട്ടി  രണ്ടു ബെല്ലടിച്ചു . അതായിരുന്നു അടയാളം. രണ്ടാമത്തെ പ്രാവശ്യം ബെല്ലടിച്ചു ഉടനെ ഫോണെടുത്തത് അവളുടെ ജ്യേഷ്ഠത്തി. പതിവ് പോലെ ഫോണ്‍ കട്ട് ചെയ്തു . അഞ്ചു മിനുറ്റിന് ശേഷം വീണ്ടും ഈ പ്രാവശ്യം  അവള്‍ തന്നെ  ഫോണെടുത്തു. ഹലോ എന്നു പോലും പറയാന്‍  സാവകാശം  തരാതെ നീ അന്‍വറല്ലേ എന്നൊരു ചോദ്യം . അതെന്താപ്പാ ഇത് വരെ ഞാന്‍ അന്‍വര്‍ ആയിരുന്നില്ലേ എന്നു ചിന്തിക്കുന്നതിനിടയില്‍  വന്നു അടുത്ത നിര്‍ദ്ദേശം . ഇനി നീ വിളിക്കരുത് ഞാന്‍ വേറെ ആളാണെന്ന് കരുതിയാ ഇത്രയും നാള്‍ സംസാരിച്ചത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കാമുക ഹൃദയങ്ങളിലുണ്ടായേക്കാവുന്ന അവസ്ഥ നിങ്ങള്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.. എന്തു പറയും എന്നു കരുതി എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയില്ല പകരം ഉടനെ വന്നത് നിന്റെ കൂടെ നടക്കുന്ന മറ്റെ പെണ്ണിന് വേറെ വല്ല ലൈനും  ഉണ്ടോ എന്നായിരുന്നു. കാരണം എന്റെ കാമുക മനസ്സ് ഒരിടത്ത് മാത്രം തളച്ച് ഇടാനോ  നഷ്ട പ്രണയത്തെ കുറിച്ച് കടാപ്പുറത്ത് മാനസ മയിലെ പാടി നടക്കുവാനോ  ആഗ്രഹിച്ചിരുന്നില്ല അത്ര തന്നെ .....അല്ല പിന്നെ 





മരണമെന്ന കോമാളി


മാസാവസാനം ആയതിനാലാകം പണം അയക്കാന്‍ വരുന്നവരുടെ എണ്ണം രണ്ടു മൂന്നു ദിവസമായി വളരെ കുറവായിരുന്നു. ഒറ്റക്കും തെറ്റക്കും വരുന്നവരാകട്ടെ ചിന്തകളുടെ കാടു കയറ്റത്തില്‍ നിന്നും അല്പ്പം ആശ്വാസം നല്കുകയും ചെയ്തു. ഇതിനിടക്കെപ്പോയോ വന്ന കാഞ്ഞങ്ങാട് സ്വദേശി ശംസീറിന്റെ ബേജാര്‍ എന്നെയും അല്പ്പം പരിഭ്രമത്തിലാക്കി. 


      കൊണ്ട് വന്ന പേപ്പറിലുള്ള പോലെ തന്നെയാണോ  അക്കൌണ്ട് എന്നു പരിശോധിച്ചിട്ടു അയക്കാനായിരുന്നു ശംസീറിന്റെ ആവശ്യം. സംശയ നിവാരണം നടത്താന്‍ കീ ബോര്‍ഡും മൌസും കുറെ കുത്തലും മാന്തലും ഏറ്റതല്ലാതെ ഫലമൊന്നുമുണ്ടായില്ല. ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ ജാള്യത ഒരു വശത്ത്, അല്ലാപ്പാ നിങ്ങളെന്താ രാവിലെ തന്നെ  മനുഷ്യന്റെ തല തിന്നാന്‍ വന്നതാണോ എന്ന രൂപത്തിലുള്ള എന്റെ മുഖ ഭാവവും കൂടി ആയപ്പോള്‍ എങ്ങിനെയെങ്കിലും അയച്ചാല്‍ മതിയെന്നായി ആ പാവത്തിന്. 


    തന്റെ മനസ്സിലുള്ളത് മുഖത്ത് നിന്നും വായിച്ചെടുത്ത ശംസീരിനോട് അതൊളിപ്പിച്ചു കൊണ്ട് എന്താപ്പാ ശരിക്കും പ്രശ്നം എന്നു ചോദിച്ചു.  കൂടെ ജോലി ചെയ്തിരുന്നായാളുടെ ഭാര്യയുടെ പേരിലാണ് പൈസ അയക്കേണ്ടതെന്നും മുമ്പൊക്കെ അയാളുടെ തന്നെ  പേരിലുള്ള അക്കൌണ്ടിലേക്കായിരുന്നു  പണം അയക്കാറുള്ളതെന്നും  പറഞ്ഞു. പിന്നെ ഇന്നെന്താ  ഇങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി അയാള്‍ ഇന്നീ ലോകത്തിലില്ല എന്നതും തുടര്‍ന്നുള്ള വിവരണവും ഇന്നത്തെ ഉച്ചയുറക്കം കളയുമെന്നു സ്വപ്നേപി നിനച്ചില്ല.


മുസ്തഫ മധ്യപ്രദേശില്‍ നിന്നും ഗള്‍ഫ് ജീവിതത്തിലേക്ക്  കുടിയേറിയത് എല്ലാ പ്രവാസികളെയും പോല്‍ കടങ്ങളും ബാധ്യതകളുടെയും ചുമടു പേറിക്കൊണ്ടു  തന്നെയായിരുന്നു . പക്ഷേ 3 കൊല്ലത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും അയാള്‍ക്കു  കടങ്ങളില്‍ നിന്നും ബാധ്യതകളില്‍ നിന്നും മോചനം നേടാന്‍  സാധിച്ചത്  കുടുംബ സ്നേഹവും തന്റെ പൊന്നു മക്കളോടും ഭാര്യയോടുമൊത്തുള്ള ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍ ചിലവഴിക്കാനുള്ള അടങ്ങാത്ത ത്വരയുമായിരുന്നു. 


   ഒടുവില്‍ മടങ്ങി പോകേണ്ട ദിവസം ഇക്കഴിഞ്ഞ ഡിസംബര്‍ 31 നു വൈകുന്നേരം ,മടക്ക ടിക്കറ്റും സര്‍വീസ് പൈസയും വാങ്ങാന്‍ തന്റെ സൈക്കിളില്‍ ഓഫീസിലേക്ക്   പോയ മുസ്തഫ ടിക്കറ്റും  മറ്റ് നൂലാ മാലകളും ഒന്നുമില്ലാത്ത ലോകത്തേക്ക് കാറിന്റെ രൂപത്തില്‍ വന്ന മരണ ദൂതന്റെ ചിറകിലേറിയാണല്ലോ  പറന്നുയര്‍ന്നത്.  


   കടങ്ങളില്ലാത്ത ലോകത്തേക് മുസ്തഫ പോയെങ്കിലും ബാപ്പയുടെ പ്രിയതമന്റെ മടങ്ങി വരവുകള്‍ പ്രതീക്ഷിച്ചു സ്വപ്നങ്ങള്‍ നെയ്ത്ത് കൂട്ടിയ കുടുംബക്കാര്‍കു മുന്നില്‍ മരണ വാര്‍ത്തയെത്തിയ ആ നിമിഷവും  , അവരെങ്ങിനെ അതുള്‍കൊണ്ടു   എന്നുള്ള ചിന്തയും , മരണത്തിന്റെ അനാഥത്വത്തിന്റെ  കപടതയുടെ ഈ ലോകത്തിനെ കുറിച്ചൊന്നും ഇത് വരെ അറിയാത്ത ആ പിഞ്ചു മക്കള്‍  ഇതിനെയൊക്കെ  കുറിച്ച് ഒര്‍ക്കുമ്പോള്‍ റബ്ബേ  മനസ്സ് കൈ വിട്ടു പോകുമോ എന്നൊരു ഭയം.....





2013 ഫെബ്രുവരി 2, ശനിയാഴ്‌ച

ഓഫ൪


ഡ്യൂട്ടി കഴിയാന്‍ ഇനിയും മണിക്കൂറുകള്‍ ശമ്പളം കിട്ടാന്‍ ദിവസങ്ങള്‍ മാത്രം, മൊബൈലിലെ കലണ്ടറില്‍ ഒന്നു കൂടി ഉറപ്പ് വരുത്തി അടുത്ത മാസത്തെ നീക്ക് പോക്കുകള്‍ കൂട്ടിയും കിഴിച്ചും സമയം പോക്കുന്നതിനിടയിലായിരുന്നു സൂപ്പര്‍ മാര്‍ക്കറ്റിലെ ഇക്കയുടെ വരവ്. 


തന്റെ പതിയേയുള്ള ശബ്ദത്തില്‍ സലാം ചൊല്ലി തുടങ്ങിയ ഇക്കയുടെ വാക്കുകള്‍ കണ്ണാടി കൂട്ടിനുള്ളിലെ എന്റെ കാതുകളില്‍ പതിഞ്ഞില്ല.  വാക്കുകളിലെ രഹസ്യ സ്വഭാവമായിരിക്കാം ഇക്കയെ ഉറക്കെ പറയാന്‍ സമ്മതിക്കാഞ്ഞത് എന്നു വേണം കരുതാന്‍. ... .,. കോ ഓപ്പററ്റീവ് ബാങ്കിലെ ഗോള്‍ഡ് ലോണിന്റെ പലിശ ശതമാനം പോലും അറിയാത്ത തന്നോടാണല്ലോ റബ്ബേ  ഇന്ത്യയിലെ  നികുതി ശതമാനം ചോദിക്കുന്നത് എന്നോര്‍ത്തപ്പോള്‍ കഴുത്തില്‍ കുരുക്കിയ കെട്ടിന്റെ മുറുക്കം ഒന്നു കൂടി കൂടിയത് പോലെ. 


തന്റെ ഇത് വരെയുള്ള സമ്പാദ്യത്തിന്റെ മുഖ്യ പങ്കും മൂത്ത മോളുടെ കല്യാണത്തിന് ചിലവഴിച്ച ഇക്കായുടെ രണ്ടാമത്തെ മോള്‍ക് പ്രമുഖ ടൂത്ത് പേസ്റ്റിന്റെ  കവറിനുള്ളില്‍ നിന്നും ലഭിച്ചു നൂറു ഗ്രാം സ്വര്‍ണത്തിന്റെ കൂപ്പണും അതിനു നാട്ടില്‍ അടക്കേണ്ടി വരുന്ന  നികുതിയെയും കുറിച്ചുള്ള ചിന്തയാകാം  ആ പാവത്തിനെ ഉച്ചയുറക്കം കളഞ്ഞു എന്റെ  അടുത്തേക്ക്‌ എത്തിച്ചത്.തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു പടച്ചവന്‍ കനിഞ്ഞു നല്കിയ അനുഗ്രഹമാണെന്ന് പറഞ്ഞു ലോകൈക നാഥനെ സ്തുതിച്ചു ഇക്കാക്കു   മുന്നില്‍ എന്റെ അറിവില്ലായ്മ ഒളിച്ചു വെക്കാന്‍ ഒരു മടിയും തോന്നിയില്ല. 


പ്രവാസത്തിന് ഒരു ചെറിയ ഇടവേള നല്കി നാടില്‍ അല്ലലും  അലട്ടലുമായി  കഴിഞ്ഞു കൂടിയ സമയത്ത് ഗള്‍ഫില്‍ നിന്നും ബന്ധു കൊണ്ട് വന്ന കിറ്റ് കാറ്റ് പാക്കിനുള്ളില്‍ നിന്നും തനിക്കും ഇത് പോലുള്ള ഒരു ഭാഗ്യം കടാക്ഷിച്ചപ്പോള്‍ അനുഗ്രഹിച്ച  ജഗന്നിയന്താതാവിനെ ഇത്രയും ആത്മാര്‍ഥമായി സ്തുതിച്ചിരുന്നുവോ ഓര്‍മയില്ല. അതോ കൃതജ്ഞതാ ഭാവം മറക്കുന്ന വെറും മനുഷ്യനായി തീര്‍ന്നുവോ  ഭാഗ്യം കടാക്ഷം ലഭിക്കുന്ന നിമിഷങ്ങളില്‍  എന്നു ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ. 


ഡ്യൂട്ടി കഴിഞ്ഞു സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പിലേക്ക് പോയപ്പോള്‍ ആകെ വിഷമാവസ്ഥയില്‍ ഇരിക്കുന്ന ഇക്കയോടു എന്താ നിങ്ങള്‍ക്ക് പറ്റിയെതെന്ന് ചോദിച്ചു. എനിക്കു കിട്ടിയ ഉത്തരം , കുത്തി കുറിച്ച  എന്റെ  നോട്ട്   അതിനു കിട്ടേണ്ടുന്ന ലൈക് കമന്‍റ് എല്ലാം തല കീഴായി മറിയുന്ന പോലെ. പക്ഷേ അപ്പോഴും  ഇക്കയുടെ വാക്കുകളിലെ ദൈവ സ്മരണ അതിന്റെയൊക്കെ എത്രയോ മേലെ ആയിരുന്നല്ലോ.   പാവം ഇക്കാ നാട്ടിലെ കമ്പനികള്‍ നല്കുന്ന ഓഫറുകളിലെ സമ്മാന പദ്ധതികള്‍ ഗള്‍ഫിലെ   ഡി എസ്സെഫിലെ ഓഫറുമായി  തട്ടിച്ചു നോക്കി സ്വപനം കണ്ടതും മടക്ക ടിക്കറ്റ് അടക്കമുള്ള ചിലവുകള്‍ കണക്ക് കൂട്ടിയതും കമ്പനിക്കാരാ നിങ്ങള്‍ പടച്ചു വിടുന്ന വെറും   നേരമ്പോക്കുകള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ഇനിയും ഒരു പാടു പാവം ഇക്കമാര്‍ ബാക്കി ....






2013 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

വേര്‍പാട്‌



ജനനം ജീവിതം മരണം മൂന്നിലും മൂന്നക്ഷരങ്ങള്‍ മാത്രം. ഇതില്‍ ജീവിതത്തിലല്ലാതെ  മറ്റ് രണ്ടു പ്രതിഭാസങ്ങളിലും വ്യക്തമായ ഒരു മേല്‍ക്കോയ്മയോ അധികാരമോ മനുഷ്യന്‍ എന്ന ഇരുകാലികളായ  നമുക്ക് അവകാശപ്പെടാനില്ല താനും. 


മരണത്തെ കുറിച്ചുള്ള എഴുത്തുകളും ചിന്തകളും നമ്മെ  വിരസതയിലാഴ്ത്തുന്നതും ബോധ പൂര്‍വം വിസ്മരിപ്പിക്കപ്പെടുത്തുന്നതും , ജീവിതമെന്ന  ഈ ചെറിയ യാത്രയിലെ കണ്ണിനും കരളിനും കുളിര്‍മ നല്കുന്ന ദുനിയാവിന്റെ പള പളപ്പുകളാണോ അതോ താന്താങ്കളുടെ ബാധ്യതകളും കടമകളും അസ്സീമമായി തുടരുന്ന കുറെ സ്വപ്നങ്ങളുമാണോ.

രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കുവാനുള്ള ജീവിത യാത്രയില്‍ പല മുഖങ്ങളും മരണമെന്ന ആരാലും  തടഞ്ഞു നിര്‍ത്താന്‍ പറ്റാത്ത പ്രതിഭാസത്തിന് മുന്നില്‍ പരാശക്തിയിലേക്ക് ലയിക്കുന്നത് നിത്യേനയെന്നോണം നാം കണ്ടു കൊണ്ടിരിക്കുന്നു താനും. അതിലൊരു മുഖം മാത്രമായി മാറിയോ ഈയിടെ ഞങ്ങളുടെ ഒഫ്ഫീസിന്‍റെ അരികിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍  ഡ്രൈവറായി   ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശി  സുബൈര്‍ എന്ന ചെറുപ്പക്കാരനും. 

രാവിലെ ഭാര്യയുടെ പേരില്‍ പണം അയച്ച സുബൈര്‍ വൈകുന്നേരം അവര്‍ അത് കൈപ്പറ്റിയോ ഇല്ലയോ എന്നു പോലും അറിയുന്നതിന് മുന്പ് ഒരപകടത്തില്‍  ഈ ലോകത്തോട്  വിട  പറഞ്ഞു .  ഏതൊരു മരണവും നികത്താനാകാത്ത വേര്‍പാടുകളുടെ നൊമ്പരങ്ങള്‍  സമ്മാനിക്കുന്നത് അവരുടെ കുടുംബക്കാര്‍ക്കാണെങ്കിലും  അവന്റെ കൂടെ ജോലി ചെയ്തിരുന്നവരുടെ  ഉള്ളിലെ വിങ്ങല്‍  എന്നെ കുറച്ചൊന്നുമല്ല അലട്ടുന്നത്.

പരസ്പ്പരം കാണുംബോയൊക്കെ അന്‍വര്‍ക്കാ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ എന്ന പാട്ട്  പാടുന്ന അവന്റെ മുഖവും ആ ശബ്ദവും അവന്റെ ചില ചെഷ്ട്ടകളും  ഖല്‍ബില്‍    ബാക്കി വെച്ചത് സങ്കടങ്ങളുടെ അലകളായിരുന്നല്ലോ .  ജീവിതം മുഴുവന്‍ യത്തീമെന്ന പേരും പേറി നടക്കേണ്ടുന്ന അവന്റെ പൊന്നോമന  മോള്‍ , രണ്ടോ മൂന്നോ വര്ഷത്തെ മാത്രം ദാംബത്യ ജീവിത യാത്രക്കിടയില്‍ തനിച്ചായിപ്പോയ  ആ പാവം സഹോദരി ,മാതാ പിതാക്കള്‍,സഹോദരന്‍ നഷ്ടപ്പെട്ട അവന്റെ സഹോദരങ്ങള്‍ മറ്റ് കുടുംബക്കാര്‍ എന്നിവരുടെ സങ്കട സാഗരത്തിന്റെ ആഴം അളക്കാന്‍ ജീവിതമെന്ന വെറും മൂന്നക്ഷരത്തില്‍ ഇത് വരെ പഠിച്ച പാഠങ്ങള്‍  ഒന്നും  മതിയാവുകയില്ലല്ലോ  




ഓര്‍മ്മയിലെ വെള്ളിയാഴ്ച്ച