ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാന്‍ എന്നു പറഞ്ഞത് പോലെ ഒരു പണിക്കു നിന്നിട്ടു പത്തു മാസം തികയും മുന്‍പേ നാട്ടിലേക്ക് പോയി . അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ പോന്നു മോളെ ഒന്നു കാണണം, റബീഉല്‍ അവ്വലിലെ നേര്‍ച്ചയ്ക്ക് കൂടണം. ആഗ്രഹങ്ങള്‍ക്ക് എന്നും അതിരുകളില്ലല്ലോ. മോളെയും കണ്ടു നേര്‍ച്ചയും കൂടി തിരിച്ചു വരാന്‍ വേണ്ടി കോഴിക്കോടെ എയര്‍പോര്‍ടിലെത്തി. സുഹൃത്തിന്റെ ഉപ്പയെ കൂട്ടാന്‍ പോകുന്ന ടാക്സിയിലാണ് വന്നത്. അവന്റെ ഉപ്പാക്ക് സുഖമില്ലാതെ വരുന്നത് കൊണ്ട് കുറെ സമയം അദേഹത്തെയും കാത്തു പുറത്തു നിന്നു. നേരം കുറെ ആയിട്ടും അദ്ദേഹത്തെ കാണാഞ്ഞപ്പോള്‍ അവനോടു സലാം പറഞ്ഞു പിരിഞ്ഞു . പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ വന്നവരുടെ മുഖങ്ങളിലെ സന്തോഷം എന്റെ കൂട്ടുകാരനില്‍ മാത്രം കാണാന്‍ കഴിയാത്തത് ഉപ്പ അസുഖ ബാധിത്നായി വെരുന്നത് കൊണ്ടാവാം. ഇന്നദ്ദേഹം ഈ ലോകത്തില്‍ നമ്മോടോപ്പവുമില്ല ഖബര്‍ സ്വര്‍ഗപ്പൂന്തോപ്പാക്കി മാറ്റട്ടെ സര്‍വ്വ ലോക രക്ഷിതാവ് ആമീന്‍ .
വിങ്ങിപൊട്ടുന്ന ഹൃദയം പേറി ലഗ്ഗേജുമായി ട്രോളി ഉന്തി പോകുമ്പോള്‍ വെറുതെ ഒന്നാശിച്ചു വേണ്ടെടാ നീ പോകേണ്ട വാ നമുക്കിവിടെ ഉള്ളത് കൊണ്ടോണം പോലെ കഴിയാമെന്ന്. വിളിക്കാന്‍ ആരുമില്ല എന്നോര്‍ത്തപ്പോള്‍ ഇനി അങ്ങോട്ടു ഞാന്‍ തനിച്ചെന്ന ചിന്ത ചില്ലറയൊന്നുമല്ല എല്ലാ പ്രവാസികളെയും പോലെ എന്നെയും അലട്ടിയത്.
കാല്‍ അല്പം നീളമുള്ള എനിക്കു മുന്‍ സീറ്റില്‍ ഇരീപ്പിടം കിട്ടിയതില്‍ പടച്ചവനോടു നന്ദി പറഞ്ഞു. എസിയുടെ തണുപ്പ് കൂടിയതോ ഫ്ലൈറ്റിന്റെ ശബ്ദമോ എന്തോ കുറച്ചു അകലെയായി ഇരുന്ന കുട്ടിയുടെ കരച്ചില്‍ ആദ്യം മോളെ ഓര്‍മിപ്പിച്ചെങ്കിലും പിന്നീടെപ്പോഴോ അരോജകമായി തോന്നാന്‍ തുടങ്ങി. ആ അമ്മ ഒരു പാടു ശ്രമിച്ചിട്ടും ഒരു വയസ്സുകാരിയുടെ കരച്ചിലിന് ശക്തി കൂടിയതല്ലാതെ കുറഞ്ഞില്ല. ഞായറാഴ്ചകളിലെ ദൂര ദര്‍ശനിലെ ബധിരര്‍ക്കുള്ള വാര്‍ത്ത അനുസ്മരിപ്പിക്കും വിധമുള്ള പതിവ് കാട്ടി കൂട്ടലുകള്‍ക് (സേഫ്റ്റി ഇന്സ്ടൃക്ഷന്‍ ) ഇടയില്‍ ആ കുഞ്ഞിന്റെ ശബ്ദം നേര്‍ത്തു വന്നപ്പോള്‍ അവള്‍ ഉറങ്ങിയെന്ന് മനസ്സിലായി .
എയര്‍ ലൈന്‍സിന്റെ ഔദാര്യം കൈ നീട്ടി വാങ്ങി പശിയടക്കിയപ്പോള്‍ എന്റെ കണ്ണുകളിലും ഉറക്കം . എത്ര നേരം ഉറങ്ങിയെന്നറിയില്ല എന്തു കണ്ടാണ് ഞെട്ടിയതെന്നുമറിയില്ല, കഴിഞ്ഞ രാത്രികളില്‍ തൊട്ടടുത്ത് കിടന്ന എന്റെ പൊഞ്ഞു മോളെവിടെ. അവളിപ്പോള്‍ കാതങ്ങളൊരു പാടകലെയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നെഞ്ചിലേക്ക് ആരോ ഭാരമുള്ള എന്തോ കയറ്റി വെച്ച പോലെ. ബോട്ടിലിലുണ്ടായ പച്ച വെള്ളം നാവ് നനച്ചതല്ലാതെ മനസ്സിനെ തണുപ്പിച്ചില്ല. എസിയുടെ തണുപ്പിലും വിയര്‍കുന്നത് ഞാനറിഞ്ഞു. പെഴ്സിന്റെ ഉള്ളറകളിലുണ്ടായ ഇരുന്നൂറ് ദിര്‍ഹംസും ക്രെഡിറ്റ് കാര്‍ഡിലെ ബാലന്സും അടുത്ത ഫ്ലൈറ്റില്‍ ദുബായില്‍ നിന്നും തിരിച്ചു നാടിലേക്കുള്ള ടിക്കെറ്റിന് മതിയാകും എന്ന ചിന്ത ഫ്ലൈറ്റ് എത്രയും വേഗം ദുബായില്‍ എത്തിയാല്‍ മതിയെന്നായി.
എവിടെ നിന്നോ ചങ്ക് പോട്ടുമാരുച്ചത്തിലുള്ള കരച്ചില്‍ എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. നേരത്തെ കരഞ്ഞ കുട്ടിയുടെ അമ്മയാണ് എന്റെ മോളെ എന്റെ മോളെ എന്നു വിളിച്ചു കരയുന്നത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് ഞാനും പോയി.. കുട്ടിക്ക് അനക്കമില്ല . ഓടികൂടിയവരില്‍ പലരും പലതും ചെയ്യൂന്നു കൂട്ടത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ ശക്തിയായി കുട്ടിയുടെ നെഞ്ച് അമര്‍ത്തി കൊടുത്തു. കുറച്ചു സമയത്തെ ശ്രമഫലമായിട്ടോ അതോ ആ അമ്മയുടെ നെഞ്ച് പൊട്ടിയ കരച്ചില്‍ കേട്ടിട്ടോ എന്തോ ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ സന്തോഷത്തിന്റെ പെരുമഴക്കാലം തീര്ത്ത് ആ കുഞ്ഞ് മോള്‍ ഒന്നു പിടഞ്ഞു. പതിയെ പതിയെ ആ ചെറിയ വായില്‍ ഉറക്കെ കരഞ്ഞു കൊണ്ടേ ഇരുന്നു. ഇപ്പോള്‍ ആ കരച്ചിലിന് ജീവിത താളം തിരിച്ചു കിട്ടിയതിന്റെ തിരിച്ചറിവായിരിക്കാം. ഇതിനിടയില്‍ പെഴ്സിലെ ക്രെഡിറ്റ് കാര്‍ഡും തിരിച്ചു പോക്കും ഓര്‍മയില്‍ നിന്നും എങ്ങോട്ടോ പോയ് മറഞ്ഞിരുന്നു .