2013 ഫെബ്രുവരി 2, ശനിയാഴ്‌ച

ഓഫ൪


ഡ്യൂട്ടി കഴിയാന്‍ ഇനിയും മണിക്കൂറുകള്‍ ശമ്പളം കിട്ടാന്‍ ദിവസങ്ങള്‍ മാത്രം, മൊബൈലിലെ കലണ്ടറില്‍ ഒന്നു കൂടി ഉറപ്പ് വരുത്തി അടുത്ത മാസത്തെ നീക്ക് പോക്കുകള്‍ കൂട്ടിയും കിഴിച്ചും സമയം പോക്കുന്നതിനിടയിലായിരുന്നു സൂപ്പര്‍ മാര്‍ക്കറ്റിലെ ഇക്കയുടെ വരവ്. 


തന്റെ പതിയേയുള്ള ശബ്ദത്തില്‍ സലാം ചൊല്ലി തുടങ്ങിയ ഇക്കയുടെ വാക്കുകള്‍ കണ്ണാടി കൂട്ടിനുള്ളിലെ എന്റെ കാതുകളില്‍ പതിഞ്ഞില്ല.  വാക്കുകളിലെ രഹസ്യ സ്വഭാവമായിരിക്കാം ഇക്കയെ ഉറക്കെ പറയാന്‍ സമ്മതിക്കാഞ്ഞത് എന്നു വേണം കരുതാന്‍. ... .,. കോ ഓപ്പററ്റീവ് ബാങ്കിലെ ഗോള്‍ഡ് ലോണിന്റെ പലിശ ശതമാനം പോലും അറിയാത്ത തന്നോടാണല്ലോ റബ്ബേ  ഇന്ത്യയിലെ  നികുതി ശതമാനം ചോദിക്കുന്നത് എന്നോര്‍ത്തപ്പോള്‍ കഴുത്തില്‍ കുരുക്കിയ കെട്ടിന്റെ മുറുക്കം ഒന്നു കൂടി കൂടിയത് പോലെ. 


തന്റെ ഇത് വരെയുള്ള സമ്പാദ്യത്തിന്റെ മുഖ്യ പങ്കും മൂത്ത മോളുടെ കല്യാണത്തിന് ചിലവഴിച്ച ഇക്കായുടെ രണ്ടാമത്തെ മോള്‍ക് പ്രമുഖ ടൂത്ത് പേസ്റ്റിന്റെ  കവറിനുള്ളില്‍ നിന്നും ലഭിച്ചു നൂറു ഗ്രാം സ്വര്‍ണത്തിന്റെ കൂപ്പണും അതിനു നാട്ടില്‍ അടക്കേണ്ടി വരുന്ന  നികുതിയെയും കുറിച്ചുള്ള ചിന്തയാകാം  ആ പാവത്തിനെ ഉച്ചയുറക്കം കളഞ്ഞു എന്റെ  അടുത്തേക്ക്‌ എത്തിച്ചത്.തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു പടച്ചവന്‍ കനിഞ്ഞു നല്കിയ അനുഗ്രഹമാണെന്ന് പറഞ്ഞു ലോകൈക നാഥനെ സ്തുതിച്ചു ഇക്കാക്കു   മുന്നില്‍ എന്റെ അറിവില്ലായ്മ ഒളിച്ചു വെക്കാന്‍ ഒരു മടിയും തോന്നിയില്ല. 


പ്രവാസത്തിന് ഒരു ചെറിയ ഇടവേള നല്കി നാടില്‍ അല്ലലും  അലട്ടലുമായി  കഴിഞ്ഞു കൂടിയ സമയത്ത് ഗള്‍ഫില്‍ നിന്നും ബന്ധു കൊണ്ട് വന്ന കിറ്റ് കാറ്റ് പാക്കിനുള്ളില്‍ നിന്നും തനിക്കും ഇത് പോലുള്ള ഒരു ഭാഗ്യം കടാക്ഷിച്ചപ്പോള്‍ അനുഗ്രഹിച്ച  ജഗന്നിയന്താതാവിനെ ഇത്രയും ആത്മാര്‍ഥമായി സ്തുതിച്ചിരുന്നുവോ ഓര്‍മയില്ല. അതോ കൃതജ്ഞതാ ഭാവം മറക്കുന്ന വെറും മനുഷ്യനായി തീര്‍ന്നുവോ  ഭാഗ്യം കടാക്ഷം ലഭിക്കുന്ന നിമിഷങ്ങളില്‍  എന്നു ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ. 


ഡ്യൂട്ടി കഴിഞ്ഞു സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പിലേക്ക് പോയപ്പോള്‍ ആകെ വിഷമാവസ്ഥയില്‍ ഇരിക്കുന്ന ഇക്കയോടു എന്താ നിങ്ങള്‍ക്ക് പറ്റിയെതെന്ന് ചോദിച്ചു. എനിക്കു കിട്ടിയ ഉത്തരം , കുത്തി കുറിച്ച  എന്റെ  നോട്ട്   അതിനു കിട്ടേണ്ടുന്ന ലൈക് കമന്‍റ് എല്ലാം തല കീഴായി മറിയുന്ന പോലെ. പക്ഷേ അപ്പോഴും  ഇക്കയുടെ വാക്കുകളിലെ ദൈവ സ്മരണ അതിന്റെയൊക്കെ എത്രയോ മേലെ ആയിരുന്നല്ലോ.   പാവം ഇക്കാ നാട്ടിലെ കമ്പനികള്‍ നല്കുന്ന ഓഫറുകളിലെ സമ്മാന പദ്ധതികള്‍ ഗള്‍ഫിലെ   ഡി എസ്സെഫിലെ ഓഫറുമായി  തട്ടിച്ചു നോക്കി സ്വപനം കണ്ടതും മടക്ക ടിക്കറ്റ് അടക്കമുള്ള ചിലവുകള്‍ കണക്ക് കൂട്ടിയതും കമ്പനിക്കാരാ നിങ്ങള്‍ പടച്ചു വിടുന്ന വെറും   നേരമ്പോക്കുകള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ഇനിയും ഒരു പാടു പാവം ഇക്കമാര്‍ ബാക്കി ....






അഭിപ്രായങ്ങളൊന്നുമില്ല: