ഉമ്മാമയുടെ കഥ കേള്‍ക്കാന്‍ ഒരു വല്ലാത്ത ഇഷ്ടം എന്നില്‍ തോന്നിയതിനു പിന്നില്‍ കഥയിലെ നായകന്‍ പലപ്പോഴും എന്റെ ഉപ്പ ആയതിനാലാകാം .പട്ടിണിയുടെ വറുതിയുടെ കാലത്ത് കുടുംബ ഭാരം പേറേണ്ടി വന്ന എട്ടാം ക്ലാസ്സുകാരനെ ഇന്നും മനസ്സില്‍ നായകനായി കൊണ്ട് നടക്കുന്നത് ഉമ്മുമയുടെ ആ കഥ പറച്ചിലില്‍ നിന്നും അനുഭവിച്ച യാതാര്‍ത്യങ്ങളുടെ ചൂരും ചൂടും കൊണ്ട് തന്നെയായിരിക്കും.
ഉപ്പയുടെ അനുജന്മാരോ മറ്റു ബന്ധുക്കളോ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ കൊണ്ട് വന്നു ഉമ്മുമാക്ക് നല്‍കുന്ന മിഠായികള്‍ മാറ്റി വെച്ച് പിന്നീട് ഞങ്ങള്‍ ഉപ്പയുടെ വീട്ടില്‍ പോകുമ്പോള്‍ തരുന്നതിനിടയില്‍ പറയുന്ന ഒരു വാക്കുണ്ട് , മറ്റു മക്കളുടെ മക്കള്‍ക്കൊക്കെ നേരത്തെ കൊടുത്തെന്നും , മോന്‍ മിഠായി തിന്നു കടലാസ ആരും കാണാതെ ദൂരെ കളയണമെന്നും. ആ കരുതി വെക്കലുകള്‍ ഇന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം.
ഉപ്പയുടെ വീടിനടുത്തുള്ള തോടുകളില്‍ മതി മറന്നു കളിച്ചു നടക്കുമ്പോഴും പുഴയില്‍ സമ പ്രായക്കാരായ കൂട്ടുകാരോടൊത്ത് നീന്തിത്തിമിര്‍ക്കുമ്പോഴും തോട്ടിന്‍ കരയിലും പുഴക്കടവിലും കാവലായി എന്നും ഉമ്മാമയുണ്ടാവും.
ഒരു റമദാന്‍ ഇരുപത്തിയഞ്ചിന്റെ അന്ന് കുറേ കഥകള്‍ ബാക്കിയാക്കി ഇനി തോട്ടിന്‍ കരയിലും പുഴക്കടവിലും കാവലിരിക്കാന്‍ ഞാനില്ല എന്ന് പറഞ്ഞു കൊണ്ട് ഉമ്മുമ്മ ഈ ലോകത്തോട് വിട പറഞ്ഞു.ആകാശത്തെ കോടാനുകോടി നക്ഷത്രങ്ങളില്‍ ഒരു നക്ഷത്രം എന്നെ നോക്കി ചിരിക്കുന്നത് കാണുമ്പോള്‍ അതെന്റെ ഉമ്മാമ എന്നോട് പറയാന്‍ ബാക്കി വെച്ച കഥകള്‍ പറയാന്‍ തുടങ്ങുകയാണോ എന്ന് തോന്നിപ്പോകുന്നു . നക്ഷത്രങ്ങളുടെ ഭാഷ , നക്ഷത്രങ്ങള്‍ കഥ പറയുമോ അതൊന്നും എനിക്കറിയില്ല. പക്ഷേ എന്റെ ഉമ്മാമ നല്ല കഥകള്‍ പറയുമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ